തിരുവനന്തപുരം: നിറസദസ്സിനുമുന്നില്‍ കെ.പി.എ.സിയുടെ നിത്യഹരിത നാടകം ‘മുടിയനായ പുത്രന്‍’ വീണ്ടും തലസ്ഥാനനഗരിയില്‍ അരങ്ങേറി. സി. കേശവന്റെ അമ്പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്.
1957ലാണ് തോപ്പില്‍ ഭാസി രചനയും സംവിധാനവും നിര്‍വഹിച്ച മുടിയനായ പുത്രന്‍ ആദ്യം വേദിയിലെത്തുന്നത്. ഭൂവുടമയില്‍ അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയില്‍ തെമ്മാടിയാകേണ്ടി വന്നയാള്‍ക്ക് സ്‌നേഹത്തിലൂടെ മാനസാന്തരം സംഭവിക്കുന്നതാണ് നാടകത്തിന്റെ പ്രമേയം. രാജ്കുമാര്‍ എന്ന നടനാണ് ഇപ്പോള്‍ പ്രധാന കഥാപാത്രമായ കളീക്കല്‍ രാജന്റെ വേഷമിടുന്നത്. 20 വര്‍ഷം മുമ്പ് ഇരുപത്തിരണ്ടാമത്തെ വയസില്‍ കളീക്കല്‍ രാജന്റെ വേഷമിട്ടു തുടങ്ങിയതാണ് രാജ്കുമാര്‍.
മെഹമൂദ് കുറുവ, കലേഷ്, നകുലന്‍, കനിതര്‍യാദവ്, ശെല്‍വി, കെ. കെ. വിനോദ്, അനിത ശെല്‍വി, താമരക്കുളം മണി, സീതമ്മ വിജയന്‍, സ്‌നേഹ എന്നിവരാണ് അരങ്ങിലെത്തിയ മറ്റു താരങ്ങള്‍. ആര്‍ട്ടിസ്റ്റ് സുജാതനാണ് രംഗശില്‍പം നിര്‍വഹിച്ചിരിക്കുന്നത്. ആലപ്പി വിവേകാനന്ദനാണ് പശ്ചാത്തല സംഗീതം.
1957ലെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതി വ്യക്തമാക്കിയ നാടകത്തിന്റെ പുതിയ പതിപ്പ് പഴയതലമുറയിലുള്ളവരെയും പുതിയ തലമുറയിലുള്ളവരെയും ഒരുപോലെ ആകര്‍ഷിച്ചു.
ചെപ്പുകിലുക്കണ ചങ്ങാതി…., അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്…., ഇല്ലിമുളംകാടുകളില്‍…. തുടങ്ങിയ ഗാനങ്ങള്‍ പുതിയ പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.
Discussion about this post