മുംബൈ: ബിഹാര്‍ സ്വദേശിനി തനിക്കെതിരേ നല്‍കിയ പീഡന പരാതിയില്‍ ഡിഎന്‍എ ഫലം വരുമ്പോള്‍ സതാവസ്ഥ ബോധ്യപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. കേസില്‍ ബിനോയി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാന്പിള്‍ നല്‍കിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരേ നല്‍കിയത് വ്യാജ പരാതിയാണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു. രാവിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എത്തിയ ബിനോയിയെ ജുഹുവിലെ കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാണ് രക്തസാന്പിള്‍ ശേഖരിച്ചത്. മുംബൈ കലീനയിലെ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടക്കുന്നത്. ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ച്ചയ്ക്കകം ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഫലം പരിശോധിച്ച ശേഷം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി പരിഗണിക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
Discussion about this post