തിരുവനന്തപുരം: വന്‍കിട സൗരോര്‍ജ്ജ പദ്ധതികള്‍ ആരംഭിക്കാന്‍ ജല അതോറിട്ടിയും ഇറിഗേഷന്‍ വകുപ്പും തയ്യാറെടുക്കുന്നു. ലഭ്യമായ പ്രദേശങ്ങളിലെല്ലാം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ജലഅതോറിട്ടി അനെര്‍ട്ടുമായി സഹകരിച്ചാണ് വൈദ്യൂതി നിര്‍മ്മിക്കുന്നത്. ഇറിഗേഷന്‍ വകുപ്പ് കെ.എസ്.ഇബിയുമായി സഹകരിച്ച് സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചീഫ് എന്‍ജിനിയര്‍മാരുടെ യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയും സന്നിഹിതനായിരുന്നു.
ജലസേചനവകുപ്പിന്റെ പദ്ധതി പ്രദേശങ്ങളിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും. ഇതിന് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വിശദപദ്ധതി രേഖ തയാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. ഈ വൈദ്യുതിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ ആവശ്യംകഴിഞ്ഞുള്ളത് കെഎസ്ഇബിക്ക് കൈമാറും. സമാനരീതിയില്‍ അനെര്‍ട്ടുമായി സഹകരിച്ച് ജല അതോറിട്ടിയും പദ്ധതി തയാറാക്കും. ഡാമുകള്‍ കേന്ദ്രീകരിച്ചും പദ്ധതി പ്രദേശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങള്‍ കേന്ദ്രീകരിച്ചും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കും. ഇതിന് പുറമേ അനെര്‍ട്ടുമായി സഹകരിച്ച് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയും ജല അതോറിട്ടി തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ജല അതോറിട്ടിയുടെ കേന്ദ്രകാര്യാലയത്തില്‍ 25 കെ.വി. സൗരോര്‍ജ്ജ നിലയമാണ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തത്. തിരുമല, ആറ്റുകാല്‍ എന്നിവിടങ്ങളില്‍ 100 കെ.വിയുടെ വീതവും ഒബ്സര്വേറ്ററിയില് 60 കെവിയുടെയും നിലയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. 2.83 കോടി രൂപയാണ് നാല് പദ്ധതികളുടെയും ആകെ ചെലവ്. മറ്റ് ജില്ലകളിലെ ഓഫീസ് മന്ദിരങ്ങളിലും പുരപ്പുറ സൗരോര്‍ജ്ജ ഉത്പാദനം ആരംഭിക്കും. ഇതു സംബന്ധിച്ചുള്ള വിശദ പദ്ധതി രേഖ തയാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി.
സൗരോര്‍ജ്ജ ഉത്പാദനത്തിലൂടെ ജല അതോറിട്ടിയുടെ നഷ്ടം കുറയ്ക്കാനാണ് ശ്രമം. നിലവില്‍ പ്രതിമാസം 30 കോടി രൂപയാണ് വൈദ്യുതി ബില്ലായി ജല അതോറിട്ടി നല്‍കേണ്ടിവരുന്നത്. പ്രതിവര്‍ഷം 360 കോടിരൂപ. ഇപ്പോള്‍തന്നെ 1500 കോടിയോളം രൂപ കുടിശികയുണ്ട്. ഈ തുക കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സൗരോര്ജ്ജ് പദ്ധതികളുടെ സാധ്യത ആരായാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചത്. പദ്ധതി പൂര്‍ണമായി നടപ്പാകുന്നതോടെ വൈദ്യുതി ചെലവ് ഒഴിവാക്കാനാകുമെന്ന് മാത്രമല്ല, അധിക വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്കി കുടിശിക പരിഹരിക്കാനുമാവും.
Discussion about this post