ദില്ലി: ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയകാര്യം രാജ്യസഭയെ അറിയിച്ചത്. ഇതോടെ ജമ്മു കശ്മീര്‍ ഭാരത്തിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു തുല്യമാവും.
കൂടാതെ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും അമിത് ഷാ രാജ്യസഭയില്‍ ഉന്നയിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിക്കുന്നത്. ജമ്മു കശ്മീര്‍ എന്ന കേന്ദ്രഭരണപ്രദേശത്തിന് നിയമസഭയുണ്ടാകും. ലഡാക്കിന് നിയമസഭയുണ്ടാകില്ല. പ്രത്യേക ഭരണ സംവിധാനത്തിന് കീഴിലാകും ലഡാക്ക്.
1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരം വേണം. ഈ അനുച്ഛേദമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റദ്ദാക്കിയത്.
Discussion about this post