അഹമ്മദാബാദ്: പ്രമാദമായ സൊറാബുദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത്‌ഷായെ പ്രതിയാക്കി സിബിഐ ഇന്നലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.30,000 പേജുള്ള കുറ്റപത്രമാണ് സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ കസ്റ്റഡിയിലുള്ള 15 പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ 18 പേരെ പ്രതിയാക്കിയുള്ളതാണ് കുറ്റപത്രം. മന്ത്രി അമിത്‌ഷായുള്‍പ്പെടെ മൂന്നുപേരെയാണ് ഇനി പിടികൂടാനുള്ളത്. സൊറാബുദീനെ തട്ടിക്കൊണ്‌ടുപോയി വധിക്കാന്‍ ഗൂഢാലോചന നടത്തി, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് അമിത് ഷായ്‌ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സൊറാബുദീന്‍ ഷെക്കിനെ ലഷ്‌കര്‍ ഇ തോയിബ ബന്ധം ആരോപിച്ച് തട്ടിക്കൊണ്‌ടുപോയി വധിച്ചശേഷം ഏറ്റുമുട്ടല്‍ കൊലപാതകമായി ചിത്രീകരിച്ചെന്നാണ് കേസ്.
ചോദ്യംചെയ്യലിനായി ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് ഗാന്ധിനഗറിലെ ഓഫീസില്‍ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ അമിത്‌ഷായ്‌ക്ക് സമന്‍സ് അയച്ചിരുന്നു. നേരത്ത രണ്‌ടുതവണ സിബിഐ അയച്ച സമന്‍സിനോട് മന്ത്രി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്‌ടും സമന്‍സ് അയച്ചത്.എന്നാല്‍, ഇന്നലെ നേരിട്ടു ഹാജരാകുന്നതിനുപകരം സിബിഐമുമ്പാകെ തന്റെ അഭിഭാഷകസംഘത്തെ അയയ്‌ക്കുകയാണ് അമിത്‌ഷാ ചെയ്‌തത്. നേരിട്ടു ഹാജരാകുന്നതിനു കൂടുതല്‍ സമയം വേണമെന്നും ചോദ്യാവലി മുന്‍കൂറായി നല്‍കണമെന്നുമുള്ള അഭിഭാഷകരുടെ ആവശ്യം സിബിഐ തള്ളിക്കളഞ്ഞു.
Discussion about this post