അന്ധകാരത്തില്‍ ഉഴറും സമൂഹത്തി-
നന്ധതയെല്ലാം അകറ്റി നികൃഷ്ടമാം
ചട്ടങ്ങളെല്ലാം തിരുത്തിക്കുറിക്കുവാന്‍
ചട്ടമ്പിയായങ്ങവതരിച്ചൂ ഭവാന്‍!
പരമ ഭട്ടാരകനായോരു താവക
പരമപവിത്രമാം പാദ പത്മങ്ങളില്‍
പ്രണമിച്ചു നില്‍ക്കുന്ന ഭക്തര്‍ക്കനുഗ്രഹം
ചൊരിയണേ നിത്യവും വിദ്യാധിരാജനെ!
ക്ലേശഭരിതമാം ബാല്യത്തിലും ഒട്ടു-
മാശ വെടിയാതെ വിജ്ഞാന തൃഷ്ണയാല്‍
വൈവിധ്യമാര്‍ന്നോരറിവുകളൊക്കെയും
കൈവരിച്ചൂ ഭവാന്‍ സ്വപ്രയത്‌നത്തിനാല്‍
ബാലസുബ്രഹ്മണ്യ മന്ത്രം ലഭിച്ചോരു
ബാലന്റെ അത്ഭുത കൃത്യങ്ങള്‍ ദര്‍ശിച്ചു
മാലോകരൊക്കെയും ആത്മീയ ശക്തീതന്‍
മാസ്മരചൈതന്യധാരയില്‍ മഗ്‌നരായ്!
നാരായണഗുരുദേവനോടൊത്തുള്ള
പാവനമായോരു സൗഹൃദം നാടിന്റെ
സത്യധര്‍മ്മങ്ങള്‍ക്കു പ്രേരകശക്തിയായ്
നിത്യം ലയിപ്പൂ ജനഹൃദയങ്ങളില്‍!
ഗായകന്‍, ഉജ്വലവാഗ്മി, ആദ്ധ്യാത്മിക-
നായകന്‍ ജീവജാലങ്ങള്‍ തന്‍ സേവകന്‍
വൈവിധ്യമാര്‍ന്നൊരാ ജീവിതം ഞങ്ങള്‍ക്ക്
ദൈവീകമായി ലഭിച്ച പ്രചോദനം!
Discussion about this post