കൊച്ചി: നഗരത്തില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഈമാസം തന്നെ പൂര്‍ത്തിയാക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. റോഡുകളിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സമയക്രമവും മന്ത്രിയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന ജലഅതോറിട്ടിയുടെ അവലോകന യോഗത്തില്‍ തയാറാക്കി.
ഇതനുസരിച്ച് പണ്ഡിറ്റ് കറുപ്പന്‍ റോഡിലെ പ്രവൃത്തികള്‍ ഈമാസം 23 ഓടെ പൂര്‍ത്തീകരിക്കുകയും റോഡ് നഗരസഭയ്ക്ക് കൈമാറുകയും ചെയ്യും. ഇവിടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വീടുകളില്‍ കണക്ഷനുള്ള ഇന്റര്‍കണക്ഷന്‍ പ്രവൃത്തികളാണ് ബാക്കിയുള്ളത്. അവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
രവിപുരം – വളഞ്ഞമ്പലം റോഡിലെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ നിലവില്‍ നഗരസഭയ്ക്ക് തടസങ്ങളില്ല.
സുഭാഷ് ചന്ദ്രബോസ് റോഡിലെ പ്രവൃത്തികള്‍ ഈമാസം 28 ന് പൂര്‍ത്തിയാക്കും. ഓള്‍ഡ് കെ.കെ. റോഡില്‍ കുടിവെള്ളത്തിനായുള്ള പൈപ്പ് സ്ഥാപിച്ചു. കലൂര്‍ കടവന്ത്ര റോഡ് മുറിച്ച് തമ്മനം പുല്ലേപ്പടി റോഡിലുള്ള പൈപ്പുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന് ജിസിഡിഎയുടെ അനുമതി എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പൈപ്പ് ലൈന്‍ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് റോഡുകള്‍ തകര്‍ന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി അവലോകനയോഗം വിളിച്ചുചേര്‍ത്തത്.
Discussion about this post