ദില്ലി: ഭീകരസംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാനെതിരെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) തീരുമാനം കൈക്കൊണ്ടു. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയുന്നതിനായി ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.
രാജ്യത്തെ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ഈ വര്‍ഷം മെയ് വരെ പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിരുന്നു. ഇത് നടപ്പായിട്ടില്ലെന്ന് കണ്ടെത്തിയാണ് നടപടി. മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തതാണ് തീരുമാനത്തിനു പിന്നിലുള്ളത്. രണ്ട് ദിവസമായി ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താന്‍ എഫ്എടിഎഫ് തീരുമാനിച്ചത്.
ഇത്തരത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നോ ഐഎംഎഫ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളില്‍ നിന്നോ ധനസഹായം ലഭിക്കില്ല. അതുകൊണ്ടുതന്നെ, സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്എടിഎഫിന്റെ തീരുമാനം കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.













