ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്) : ലോക വനിതാ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പുതിയ തിലകക്കുറിയായി ഇന്ത്യയുടെ പി.വി. സിന്ധു. ഇന്നലെ നടന്ന ഫൈനലില്‍ ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ തോറ്റിരുന്ന സിന്ധു മൂന്നാം അങ്കത്തില്‍ എതിരാളിയായ നാസോമി ഒക്കുഹാരയെ തീര്‍ത്തും നിഷ്പ്രഭയാക്കി വിജയം നേടിയത് വെറും 38 മിനിട്ടുകൊണ്ടായിരുന്നു. 21-7, 21-7 എന്ന സ്കോറിനായിരുന്നു സിന്ധു ചരിത്രനേട്ടം കുറിച്ചത്. ഒളിമ്പിക്സിന്റെ ഫൈനലില്‍ കളിച്ച ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി ചരിത്രം സൃഷ്ടിച്ചിരുന്ന സിന്ധു ഇതോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്മെഡലുകള് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി റെക്കാഡിട്ടു. 2013, 2014 ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടിയിരുന്ന ഈ 24 കാരി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും വെള്ളി കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്പ്പിച്ചിരുന്ന ജാപ്പനീസ് താരത്തെതന്നെ ഫൈനലില്‍ കീഴടക്കാന്‍ കഴിഞ്ഞു എന്ന പകരം വീട്ടലിന്റെ കൗതുകം കൂടി സിന്ധുവിന്റെ ഈ കിരീട വിജയത്തിലുണ്ട്.
Discussion about this post