തിരുവനന്തപുരം: വിശ്വാസികള്‍ക്കൊപ്പമെന്ന സി.പി.എം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. ഈ നിലപാട് സമിതിയുടെ തുടര്‍പ്രവര്‍ത്തനം ആശങ്കയിലാക്കുന്നു എന്നും വിശ്വാസവും നവോത്ഥാനവും ഒരുമിച്ച് പോകാനാകില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന് ഈ നിലപാടില്‍ വ്യക്തത വരുത്തേണ്ടതാണെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഈ നിലപാട് സമിതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുകയാണ് പാര്‍ട്ടിയെന്നും വിശ്വാസികളെ കൂടെ നിര്‍ത്താന്‍ ഉള്ള സര്‍ക്കാരിന്റെ വ്യഗ്രത നവോത്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുന്നല ശ്രീകുമാറിന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്ന് സി.പി.എം പ്രതികരിച്ചു. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എതിരല്ലെന്നും വിശ്വാസികളെന്ന പേരില്‍ ശബരിമലയില്‍ അക്രമം ഉണ്ടാക്കാന്‍ വരുന്നവര്‍ക്കെതിരെ ആണ് പാര്‍ട്ടിയെന്നും വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് പറഞ്ഞു. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും കടമയെന്നും അതിന് വേണ്ടിയാണ് നവോത്ഥാന സമിതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post