തിരുവനന്തപുരം: പ്രവാസിക്ഷേമകാര്യങ്ങളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം എം.ജി.റോഡ് മെട്രോ സ്റ്റേഷന്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിങ്ങില്‍ നോര്‍ക്ക റൂട്‌സിന്റെ പുതിയ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികള്‍ കേരളത്തിന്റെ കരുത്താണ് അവര്‍ക്ക് സഹായകമാകുന്ന മാതൃകാപ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസി ക്ഷേമത്തിനായി പല പദ്ധതികളും നടത്തുന്നതോടൊപ്പം പുതിയവ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്തണം. അതിനാണ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ ശ്രമിക്കുന്നത്.
ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാനുള്ള വിപുലമായ സൗകര്യമാണ് നോര്‍ക്ക മിസ്ഡ് കോള്‍ പദ്ധതി. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള നിരവധി പ്രവാസികളുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിസ്സാര കേസുകളില്‍പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസികളുടെ നിയമപരമായ മോചനത്തിനായി വിദേശമന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരം കേസുകളില്‍ പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും നോര്‍ക്കയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രവാസജീവിതം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കുള്ള സാന്ത്വനം പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 25 കോടി രൂപ സംസ്ഥാനത്ത് വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
മടങ്ങിവരുന്ന പ്രവാസികളെ ചെറുകിട സംരംഭകരാക്കി നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിന് വിവിധ ധനകാര്യസ്ഥാപനങ്ങളുമായി സഹകരിച്ച് വായ്പാസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അസുഖം ബാധിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് വീട്ടിലേക്കോ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ച് ആംബുലന്‍സ് സേവനം നല്‍കിവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റു ഗാര്‍ഹിക ജോലിക്കാരായി പോകാനുദ്ദേശിക്കുന്നവര്‍ നോര്‍ക്കയുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷ നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെതര്‍ലാന്‍ഡ്‌സിലെ നിരവധി ഒഴിവുകളില്‍ നഴ്‌സുമാരെ നിയമിക്കാന്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
പ്രവാസി മലയാളികളെ നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാക്കുന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരിയില്‍ നടക്കും. ഇതേ ലക്ഷ്യത്തോടെ സംസ്ഥാനത്ത് എന്‍ആര്‍ഐ നിക്ഷേപ കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. മാവേലിക്കരയില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കാനും പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കെഎംആര്‍എല്ലിന്റെ ഇടപ്പള്ളി സ്റ്റേഷനില്‍ ആരംഭിക്കുന്ന പ്രവാസി സംരംഭത്തിനുള്ള ലെറ്റര്‍ ഓഫ് അവാര്‍ഡ് പ്രവാസി സംരംഭകനായ തയ്യില്‍ ഹബീബീന് മുഖ്യമന്ത്രി നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ച കിഡ്‌കോയ്ക്കും ഉപഹാരം നല്‍കി. ഹൈബി ഈഡന്‍ എം പി അധ്യക്ഷത വഹിച്ചു. മുന്‍ എം പി പി.രാജീവ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.റ്റി.കുഞ്ഞുമുഹമ്മദ്, ജിസിഡിഎ ചെയര്‍മാന്‍ വി.സലീം, കെഎംആര്‍എല്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമാന്‍ അര്‍ജുനന്‍, നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ആഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, തുടങ്ങിയവര്‍ സംസാരിച്ചു.













