ബംഗളൂരു: ഇസ്രോയുടെ ഇസ്ട്രാക്കില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ ദുഃഖമടക്കാതെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. പ്രധാനമന്ത്രിയെ യാത്ര അയക്കുമ്പോള്‍ വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ കണ്ണുകള്‍ നിറഞ്ഞു. ച ന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത് അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് തെളിയിക്കുന്നതായി ഐഎസ്ആര്‍ഒ മേധാവിയുടെ വൈകാരിക പ്രകടനം. ഇസ്ട്രാക്കില്‍നിന്നും പ്രധാനമന്ത്രി മടങ്ങുമ്പോഴായിരുന്നു വൈകാരിക സംഭവങ്ങള്‍ അരങ്ങേറിയത്. മടങ്ങുന്നതിനു മുമ്പ് മോദി ശാസ്ത്രജ്ഞരെയെല്ലാം കണ്ടു. എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി. പിന്നീട് ഇസ്‌റോ മേധാവിയുടെ സമീപം ചെന്നു. പ്രധാനമന്ത്രിയെ കണ്ടതും കെ.ശിവന്‍ പൊട്ടിക്കരഞ്ഞു. തേങ്ങിക്കരഞ്ഞ ശിവനെ പ്രധാനമന്ത്രി ഏതാനും മിനിറ്റ് നേരം തന്നോട് ചേര്‍ത്ത് പിടിച്ചു. അദ്ദേഹത്തിന്റെ മുതുകില്‍ തട്ടി ആശ്വസിപ്പിച്ചു. ഇസ്‌റോയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പിന്നീട് ഇസ്‌റോ ചെയര്‍മാന് ഹസ്തദാനം ചെയ്താണ് മോദി മടങ്ങിയത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തില്‍ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളെന്ന് നേരത്തെ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ശാസ്ത്രജ്ഞരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.













