– ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി
അദ്ധ്യായം – 3
യോഗശാസ്‌ത്രവും ഗുരുനാഥനും – ശരീരസംശുദ്ധി
(തുടര്‍ച്ച)
സൃഷ്ടിയുടെ ഈ അനന്തപരിണാമപ്രത്യയങ്ങള്‍ വ്യത്യസ്തപ്രത്യയങ്ങളായിത്തന്നെ നിലകൊള്ളുന്നുവെങ്കിലും ജീവാത്മാവിന് അത് അനുസ്യൂതമായ പ്രേരണയാണ് നേടിക്കൊടുക്കുന്നത്. മനുഷ്യജീവിതത്തിലെത്തിയാലും ത്രിഗുണപ്രധാനമായ വിഷയങ്ങള്‍ ജീവന് സുഖദുഃഖകാരണമായി സംഭവിച്ചുകൊണ്ടേയിരിക്കും. തുടര്‍ച്ചയായുള്ള പരിശീലനം ഈശ്വരാഭിമുഖമോ മോക്ഷോന്മുഖമോ ആയ മണ്ഡലങ്ങളില്‍ തുടരേണ്ടതാണ്. അതില്‍നിന്നുണ്ടാകുന്ന സാത്വികഗുണപ്രധാനമായ ശരീരത്തിനുമാത്രമേ മനുഷ്യശരീരത്തിലും ജീവനെ സഹായിക്കാനാകൂ. ക്ലേശങ്ങളില്‍നിന്നുള്ള മുക്തി ജീവന്റെ താല്‍കാലികചിന്തയായി ചുരുങ്ങുമ്പോള്‍ ഓരോ ജന്മത്തിലും കര്‍മബാദ്ധ്യത വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. രാജസഗുണംകൊണ്ടുള്ള രാവണത്വവും താമസഗുണംകൊണ്ടുള്ള കുംഭകര്‍ണത്വവും സംഭവിക്കാതിരിക്കാന്‍ ധര്‍മനിര്‍വഹണത്തിനുള്ള അവതാരോദ്ദ്യേശ്യത്തിലും സാത്വികവൃത്തികൊണ്ടുള്ള ധര്‍മനിഷ്ഠയിലും ബന്ധപ്പെട്ട അവധാനപൂര്‍ണമായ തപസ്സ് അത്യാവശ്യമാണ്. ഗുണവൈഷമ്യങ്ങളെ സൃഷ്ടിക്കുന്ന സൃഷ്ടിപ്രക്രിയയില്‍ സാത്വികഗുണത്തിനുമാത്രമേ കര്‍മബാദ്ധ്യതകള്‍ ചുരുക്കി മോക്ഷോപായമൊരുക്കുവാന്‍ കഴിയൂ. പരമസാത്വികസ്വഭാവത്തോടുകൂടിയ ശരീരവൃത്തി പ്രജ്ഞാവികാസത്തിലൂടെ നിര്‍ഭാസ്യമായിത്തീരുന്നതെങ്ങനെയെന്ന് ഭട്ടതിരിപ്പാട് ‘നാരായണീയ’ത്തിലെ ഏകശ്ലോകത്തിലൂടെ വ്യക്തമാക്കുന്നു. യോഗമായാലും ജ്ഞാനമായാലും അദ്ധ്യാത്മമാര്‍ഗങ്ങള്‍ എത്ര വ്യത്യസ്തമായാലും അനുഭൂതിയുടെ അവാച്യമായ സാദ്ധ്യതയും സിദ്ധിയും ഇവിടെ പ്രതിപാദ്യമായിട്ടുണ്ട്.
”സത്ത്വം യത്തത് പരാഭ്യാമപരികലനതോ
നിര്‍മലം തേന താവദ് –
ഭൂതൈര്‍ ഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ
ശ്രുയതേ വ്യാസവാക്യം
തത്സ്വച്ഛത്വാദൃദച്ഛാദിതപരസുഖചിദ്-
ഗര്‍ഭനിര്‍ഭാസ്യരൂപം
തസ്മിന്‍ ധന്യാ രമന്തേ ശ്രുതി മതിമധുരേ
സുഗ്രഹേ വിഗ്രഹേ തേ” – രാജസ താമസ ഗുണങ്ങളോട് പരികലനം (കൂടിച്ചേരല്‍) ഇല്ലാത്തതുമൂലം ശുദ്ധമായ യാതൊരു സത്ത്വഗുണമുണ്ടോ- അതുകൊണ്ടുതന്നെയുണ്ടായ ഭൂതങ്ങളെക്കൊണ്ടും ഇന്ദ്രിയങ്ങളെക്കൊണ്ടുമാകുന്നു അങ്ങയുടെ ശരീരം എന്ന് വ്യാസമഹര്‍ഷി പലതവണ പറഞ്ഞതായികേള്‍ക്കുന്നു. ആ സ്വച്ഛത ഹേതുവായിട്ടും യാതൊരു ശരീരം മറവില്ലാതെ ഉല്‍കൃഷ്ട സുഖമായും പ്രകാശമായും ഉള്ളില്‍ നന്നായി വിളങ്ങുന്ന രൂപമാകുന്നുവോ കേള്‍പ്പാനും സ്മരിപ്പാനും രസം തോന്നിക്കുന്ന സുഖേന ഗ്രഹിക്കാവുന്ന ആ അങ്ങയുടെ വിഗ്രഹത്തില്‍ ഭാഗ്യശാലികളായ ജനങ്ങള്‍ രമിച്ചുകൊണ്ടിരിക്കുന്നു.
”തത്പരാഭ്യാം അപരികലനതഃ” എന്നുള്ള പ്രയോഗത്തില്‍ സത്വഗുണത്തില്‍ രജസ്സിന്റേയും തമസ്സിന്റേയും അപരികലനം അഥവാ സമ്പര്‍ക്കമില്ലായ്മ യോഗമാര്‍ഗത്തില്‍ ഒരു യോഗിക്കു സംഭവിക്കേണ്ട ശരീരശുദ്ധിയെ പ്രത്യേകം സൂചിപ്പിക്കുന്നു. ഈശ്വരശരീരത്തിനും യോഗിയുടെ പരിശുദ്ധമായ സാത്വികശരീരത്തിനും ഈശ്വരശരീരത്തിനും യോഗിയുടെ പരിശുദ്ധമായ സാത്വികശരീരത്തിനും സാധര്‍മ്യമുണ്ടെന്ന് യോഗസിദ്ധാന്തം തന്നെ പ്രസ്താവിക്കുന്നുണ്ട്. ഭഗവാന്റെ ശരീരത്തില്‍ ഉള്ളതായി പറയപ്പെടുന്ന ഇന്ദ്രിയസ്വഭാവം യോഗിയുടെ സാധനാഗുപ്തിയിലുള്ള ഇന്ദ്രിയസ്വഭാവത്തോട് തുല്യത വഹിക്കുന്നു. സത്ത്വഗുണം കൊണ്ട് ശുദ്ധിയാര്‍ജ്ജിച്ച ഭൂതമാത്രകള്‍ കൂടിച്ചേര്‍ന്ന് യോഗിയുടെ ശരീരവും സാകാരരൂപത്തിലുള്ള ഭഗവാന്റെ ശരീരവും തുല്യതയാര്‍ജ്ജിക്കുന്നു. രജസിന്റെയും തമസിന്റെയും പരികലനമില്ലാത്തതാണെന്ന പ്രയോഗം ശ്രദ്ധേയമാണ്. സാധാരണനിലയില്‍ ഇന്ദ്രിയങ്ങള്‍ വിഷയാസക്തങ്ങളാണ്. എന്നാല്‍ ഭഗവദ്ശരീരത്തിലെ ഇന്ദ്രിയങ്ങള്‍ ശുദ്ധസത്ത്വഗുണംകൊണ്ട് പരിശുദ്ധവും പവിത്രവുമായ ഭൂതമാത്രകളുടെ സംഘാതമായതിനാല്‍ പിന്നെ രജസിനും തമസിനുമുള്ള ആംശികത്വംപോലും ബാധിക്കുന്നില്ല. ‘തത്സ്വച്ഛത്വാദ്’ എന്ന് ശരീരത്തിന്റെ സാത്വികഗുണസ്വഭാവത്തെ വര്‍ണിച്ചിരിക്കുന്നതില്‍നിന്നും ഭഗവത്‌ചൈതന്യം പ്രകാശിക്കുന്നത് സ്വാഭാവികമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ചൈതന്യത്തെ തടയാത്ത സംശുദ്ധി യോഗസാധനയിലൂടെ ശരീരത്തിനുണ്ടാക്കിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെ വ്യക്തമാണ്.
ശ്രവണമനനാദികള്‍കൊണ്ട് സാധിക്കേണ്ട സപ്തശുദ്ധി ഏതു മാര്‍ഗത്തിലെ സാധനയിലൂടെയായാലും ശ്രദ്ധാപൂര്‍വം നേടിയെടുക്കണം ”തേ വിഗ്രഹേ ധന്യാഃ രമന്തേ” എന്ന് വര്‍ണിക്കുമ്പോള്‍ ഭഗവാന്റെ സാത്വികശരീരത്തിനും ധന്യാത്മാക്കളുടെ സാത്വികശരീരത്തിനും തമ്മില്‍ സാധര്‍മ്യമുണ്ട്. ഇങ്ങനെ മനുഷ്യജന്മത്തിലൂടെ യോഗപരിണാമം സംഭവിക്കുന്ന ശരീരത്തിന്റെ സാത്വികസ്വഭാവം സ്വയംപ്രകാശിതമാകുന്ന ആത്മവൃത്തിയില്‍ അഥവാ ബ്രഹ്മജ്ഞാനിയില്‍ പ്രകടമാകുന്നു.
(തുടരും)
Discussion about this post