കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിന് മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ യാണ് സത്താര്‍ ചലച്ചിത്ര രംഗത്ത് കടന്നുവന്നത്. വില്ലന്‍ വേഷങ്ങളിലൂടെ വന്ന സത്താര്‍ പിന്നീട് സ്വഭാവ നടനായും പേരെടുത്തു. 1976ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം നിര്‍വഹിച്ച അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ 148 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. 2014-ല്‍ കരീം സംവിധാനം ചെയ്ത ‘പറയാന്‍ ബാക്കിവെച്ചത്’ ആണ് അവസാന സിനിമ. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. നടന്‍ കൃഷ് സത്താര്‍ ഇരുവരുടെയും മകനാണ്.
Discussion about this post