തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ വിനാശകരമായ പ്രളയത്തില്‍നിന്ന്, ടൂറിസം മേഖലയിലുള്‍പ്പെടെയുള്ള കേരളത്തിന്റെ തിരിച്ചുവരവ് രാജ്യത്തിന് പ്രചോദനാത്മകമായ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൂറിസം മന്ത്രിമാരുടെ കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉയര്‍ന്ന നികുതിനിരക്കുകള്‍, വിമാനയാത്രക്കൂലി തുടങ്ങി ടൂറിസം മേഖല നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നികുതി നിരക്ക് യൂക്തിസഹമാക്കേണ്ടത് അടിയന്തര ആവശ്യമാണ്. റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ വിനോദസഞ്ചാരസൗഹൃദമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ടൂറിസം പ്രോത്സാഹനത്തിനായി പരമ്പരാഗതരീതികള്‍ക്കൊപ്പം ഡിജിറ്റല്‍ വിപണനവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രപരിഷ്‌കരണം ലക്ഷ്യമിടുന്ന വിനോദസഞ്ചാരനയമാണ് സംസ്ഥാനം നടപ്പാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ചെറുതും വലുതുമായ ഇരുനൂറ് വിനോദസഞ്ചാരപദ്ധതികള്‍ ആവിഷ്‌കരിച്ചു. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ സുപ്രധാനഘടകമാണ് വിനോദസഞ്ചാരം. വിനോദസഞ്ചാരസ്ഥലങ്ങളില്‍ സംസ്ഥാനം ഹരിതപെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ല് എന്നു പറയാവുന്ന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലാണ് സംസ്ഥാനം ശ്രദ്ധയൂന്നുന്നത്. വിപുലമായ ടൂറിസം സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. അവസരങ്ങള്‍ നമ്മള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരസ്പരം പ്രയോജനമുണ്ടാകുന്ന രീതിയില്‍ സംസ്ഥാനങ്ങള്‍ സൃഷ്ടിപരമായി കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദസഞ്ചാരവ്യവസായം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി അധ്യക്ഷത വഹിച്ച ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജിഎസ്ടി നിരക്ക് ടൂറിസം വ്യവസായത്തെ ശ്വാസം മുട്ടിക്കുന്നതാണ്. ഉത്സവസീസണില്‍ വിമാനക്കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതും പ്രധാനപ്രശ്‌നമാണ്. യാത്രസൗകര്യങ്ങള്‍ ടൂറിസം മേഖലയെ സംബന്ധിച്ച് അവിഭാജ്യഘടകമാണ്. ടൂറിസം വികസനത്തിന് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ മുഖ്യാതിഥിയായി. ഓരോ സംസ്ഥാനത്തിനും അവയുടേതായ സവിശേഷതകളുണ്ടെന്ന് മന്ത്രി പറഞ്ഞു.
വികസനരംഗത്ത് പരസ്പരം പോരടിക്കാതെ ഓരോ സംസ്ഥാനവും കൊടുക്കല്‍വാങ്ങലുകളിലൂടെ കൂട്ടായി പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്പീക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ടൂറിസം മേഖലയുടെ വികസനത്തിനായി വിദേശമലയാളികളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താന്‍ ലോകകേരളസഭയിലൂടെ ലക്ഷ്യമിടുന്നതായി സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായം വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ ആശംസപ്രസംഗം നടത്തി. കോവളം ലീല റാവിസില്‍ നടന്ന കോണ്‍ക്‌ളേവില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ പി.ബാലകിരണ്‍ നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേലിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി.
കോണ്‍ക്‌ളവേില്‍ ബീഹാര്‍ വിനോദസഞ്ചാരമന്ത്രി കൃഷ്ണകുമാര്‍ റിഷി, കര്‍ണാടക വിനോദസഞ്ചാരമന്ത്രി സി.ടി.രവി, ഒഡിഷ വിനോദസഞ്ചാരമന്ത്രി ജ്യോതിപ്രകാശ് പാണിഗ്രാഹി, നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ടൂറിസം അഡൈ്വസര്‍ എച്ച്. ഖെഹോവി യെപുത്തോമി എന്നിവര്‍ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം ഡയറക്ടര്‍മാരും മറ്റ് ഉന്നതോദ്യോഗസ്ഥരും ടൂറിസം വ്യവസായമേഖലയുടെ പ്രതിനിധികളും കോണ്‍ക്‌ളേവില്‍ പങ്കെടുത്തു.
സുസ്ഥിരവിനോദസഞ്ചാരത്തിലെ മികച്ച മാതൃകകള്‍, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിങ്ങും പ്രൊമോഷനും എന്നീ സെഷനുകളിലായി വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം ഉദ്യോഗസ്ഥര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കലും അവതരണങ്ങളും നടത്തി.














Discussion about this post