കൊച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണവും നിര്‍ത്തി. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഉടന്‍ പതിപ്പിക്കും. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഫ്‌ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലവിതരണവും നിര്‍ത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം, വൈദ്യുതി വിച്ഛേദിച്ചതിലും കുടിവെള്ള വിതരണം നിര്‍ത്തിയതിലും പ്രതിഷേധിച്ച് ഫ്‌ളാറ്റുടമകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
ഫ്‌ളാറ്റിലുള്ളവരെ അറിയിക്കാതെ അതീവരഹസ്യമായാണ് കെഎസ്ഇബി നാല് ഫ്‌ലാറ്റുകളിലെയും വൈദ്യുതിബന്ധം വിച്ഛേദിച്ചത്. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെഎസ്ഇബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പുലര്‍ച്ചെ നാല് മണിയോടെയാണ് സംഘം ഫ്‌ളാറ്റുകളിലെത്തിയത്. നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്.
കടുത്ത മനുഷ്യാവകാശലംഘനാണെന്ന് നടന്നതെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്തരഹിതവും അതിക്രൂരവുമായ നടപടിയാണ് സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്നതെന്ന് ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.
Discussion about this post