ന്യൂഡല്‍ഹി: മരട് കേസില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാന്‍ പോലും തയാറാകാതെയാണു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഹര്‍ജി തള്ളിയത്. കായലോരം ഫ്‌ളാറ്റ് ഉടമകളാണു ഹര്‍ജി നല്‍കിയത്.
നിയമലംഘനം പരിശോധിക്കാന്‍ സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സമിതി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തത്. മൂന്നംഗ സമിതി ഒരു പ്രത്യേക വിദഗ്ധ സമിതിയെ രൂപീകരിച്ചത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി. ഒരു വാദവും പരിഗണിക്കാന്‍ കോടതി തയാറായില്ല.













