കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബി. സുധീന്ദ്ര കുമാറിന്റെ ഉത്തരവ്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച സിംഗിള്‍ബെഞ്ച് സിപിഎം പദ്ധതി തയാറാക്കി ഇരട്ടക്കൊല നടത്തിയതാണെന്ന ഹര്‍ജിക്കാരുടെ ആരോപണം ശരിയാകാന്‍ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഒന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പീതാംബരന്റെ വിശദീകരണം വിശുദ്ധസത്യമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിലയിരുത്തിയതിനാല്‍ ഫലപ്രദവും ശരിയായതുമായ അന്വേഷണം നടന്നില്ലെന്നും കോടതി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ നീതിപൂര്‍ണമായ വിചാരണ നടക്കില്ലെന്നു ബോധ്യമായെന്നും സംസ്ഥാന പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു നീതിയുക്തവും പക്ഷരഹിതവുമായി കേസന്വേഷിച്ചതായി കാണുന്നില്ലെന്നും കോടതി വിലയിരുത്തി. ഈ കേസില്‍ നടത്തിയ അന്വേഷണം തട്ടിപ്പാണെന്നു കേസിന്റെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു. അന്വേഷണം സിബിഐ ഏറ്റെടുക്കണം. കേസന്വേഷണം നടത്താന്‍ തിരുവനന്തപുരം യൂണിറ്റിന് പോലീസ് പിന്തുണ നല്‍കാനും വിധിയില്‍ പറയുന്നു.













