വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്ത് രണ്ടാം ഘട്ട വികസനം ലക്ഷ്യമിട്ട് അധിക പൈലുകള്‍ സ്ഥാപിക്കുന്ന നടപടി ദ്രുതഗതിയില്‍ നടക്കുകയാണ്. ആദ്യഘട്ടത്തിലെ
615 പൈലുകള്‍ ഇതിനകംതന്നെ സ്ഥാപിച്ചു കഴിഞ്ഞു. ഇതിനു മുകളില്‍ ബെര്‍ത്ത് നിര്‍മ്മിക്കുന്ന ജോലികളും നടക്കുന്നു. അടുത്ത ഘട്ട വികസനം ലക്ഷ്യമിട്ട് 21 പൈലുകളാണ് നിര്‍മ്മിക്കുന്നത്. കടല്‍ക്ഷോഭം രൂക്ഷമാണെങ്കിലും ഇതിനെ പ്രതിരോധിച്ച് ആദ്യ ഘട്ടത്തിലെ പൈലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നുവെങ്കിലും പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. വലിയ കല്ലുകള്‍ ലഭിച്ചാലുടന്‍ ഇത് പുനരാരംഭിക്കും. സര്‍ക്കാര്‍ നടപടികളുടെ താമസം കാരണം പുലിമുട്ട് നിര്‍മ്മാണ ആവശ്യത്തിന് ഇപ്പോള്‍ പാറ ലഭിക്കുന്നില്ല. കിളിമാനൂരിലെ നഗരൂരില്‍ നിന്ന് പാറ പൊട്ടിച്ചു തുടങ്ങിയെങ്കിലും തുറമുഖ നിര്‍മ്മാണ സ്ഥലത്ത് എത്തിത്തുടങ്ങിയില്ല. പാറക്ഷാമവും കടല്‍ക്ഷോഭവും കാരണം തുറമുഖ നിര്‍മ്മാണത്തിന് സമയം നീട്ടി നല്‍കണമെന്ന് നിര്‍മ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.













