ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടര്‍ അമിതമായി ജോലിഭാരത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചു. മാനസിക പീഡനം, അവധി നിരാകരിക്കല്‍ തുടങ്ങിയ കാരണങ്ങളും ജീവനൊടുക്കാന്‍ ശ്രമിച്ചതിനുപിന്നിലെ കാരണമാണെന്ന് സൂചനയുണ്ട്. വൈക്കം സ്വദേശിയായ മൂന്നാം വര്‍ഷ പിജി ഡോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു സംഭവം. അമിതമായി ഗുളിക കഴിച്ചശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ബാത്ത് റൂം അധികനേരമായി അടഞ്ഞുകിടക്കുന്നത് ശ്രദ്ധിച്ച ജീവനക്കാരി വിവരമറിയിച്ചതനുസരിച്ചു വാതില്‍ പൊളിച്ച് ഡോക്ടറെ വെളിയിലിറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു മാസം മുന്പാണ് ഡോക്ടര്‍ വിവാഹിതനായത്. അതിനുശേഷം അദ്ദേഹത്തിന് അവധി നല്‍കാന്‍ വകുപ്പ് മേധാവി തയാറാകാതെ തുടര്‍ച്ചയായി 15 ദിവസം വീതം രാത്രിയിലും പകലും ഡ്യൂട്ടി നല്‍കിയെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതില്‍ മനംനൊന്താണ് ഡോക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിജി ഡോക്ടര്‍ ആത്മഹത്യാശ്രമം നടത്തിയതിന് കാരണക്കാരനായ വകുപ്പ് മേധാവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു പിജി അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ രാവിലെ പ്രതിഷേധ സമരം നടത്തി.













