തിരുവനന്തപുരം: 66-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് നവംബര്‍ 14ന് തിരി തെളിയും. ഒരാഴ്ച നീളുന്ന സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇടുക്കിയിലെ കട്ടപ്പനയില്‍ നടക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ അറിയിച്ചു.
14ന് രാവിലെ സഹകരണ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 1500 സഹകാരികള്‍ പ്രതിനിധികളായി പങ്കെടുക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സഹകരണ ഘോഷയാത്ര. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുളള സഹകാരികള്‍ ഉള്‍പ്പെടെ 5000ത്തിലധികം പേര്‍ പങ്കെടുക്കും. നവംബര്‍ 13ന് എറണാകുളത്ത് നിന്ന് കൊടിമരജാഥയും കോട്ടയത്തു നിന്ന് പതാകജാഥയും കട്ടപ്പാനയില്‍ എത്തും.
വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിള്‍ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിലും പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം അടുത്ത മാസം 20ന് തിരുവനന്തപുരത്ത് നടക്കും.
Discussion about this post