തിരുവനന്തപുരം: നീതി ആയോഗ് തയാറാക്കിയ ‘സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര രേഖ’ സമഗ്രമായി വിശകലനം ചെയ്യുന്നതിന് എസ്.സി.ഇ.ആര്‍.ടി സംഘടിപ്പിച്ച ശില്പശാല പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ രാജ്യം മാതൃകയാക്കുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാംസ്ഥാനത്താണ്. ഇതിലെ കണ്ടെത്തലുകള്‍ വിശകലനം ചെയ്യുന്നതിനും പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ മാതൃകാപരമായമുന്നേറ്റം ഉണ്ടാക്കുന്നതിനും വിശദമായ കര്‍മ്മപരിപാടി തയാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജനകീയത, ആധുനികത, മാനവികത എന്നിവ കൂടി ഉള്‍ക്കൊണ്ടുള്ള കര്‍മ്മപരിപാടിയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വികസിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസമായി നടക്കുന്ന ശില്പശാലയില്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ. ലാല്‍, ഡോ. സി. രാമകൃഷ്ണന്‍, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













