തിരുവനന്തപുരം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ചുറ്റാന്‍ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ 24 പേര്‍ക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂര്‍ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്.
അനന്തപുരി ദര്‍ശന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സിറ്റി ടൂറിന് ഒരാള്‍ക്ക് 500 രൂപയാണ് ഫീസ്. പത്മനാഭ സ്വാമിക്ഷേത്രം, കുതിരമാളിക, വാക്‌സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദര്‍ശന്‍ പാക്കേജിലുള്ളത്.
ഇത് കൂടാതെ ജില്ലയിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ടൂര്‍ പാക്കേജുകളുമുണ്ട്. 1200 രൂപ നിരക്കില്‍ പൊന്‍മുടി മീന്‍മുട്ടി ഫോറസ്റ്റ് ട്രയില്‍, കന്യാകുമാരി ത്രിവേണിസംഗമം പാക്കേജും 750 രൂപ നിരക്കില്‍ നെയ്യാര്‍ ഡാം എലിഫന്റ് സവാരി പാക്കേജുമാണ് നിലവില്‍ സജ്ജമാക്കിയിട്ടുള്ളത്.
പൊന്‍മുടി പാക്കേജില്‍ മീന്‍മുട്ടി വെള്ളച്ചാട്ടം, പൊന്‍മുടി, പേപ്പാറ ഡാം എന്നീ സ്ഥലങ്ങളാണുള്ളത്. രാവിലെ എട്ടിന്് നെയ്യാര്‍ഡാം എലിഫന്റ് സഫാരി യാത്ര ആരംഭിക്കും. ഈ യാത്രയില്‍ കോട്ടൂര്‍ എലിഫന്റ് പാര്‍ക്ക്, ഡിയര്‍ പാര്‍ക്ക്, ശിവാനന്ദ ആശ്രമം, നെയ്യാര്‍ഡാം ബോട്ടിംഗ്, ശാസ്താം പാറ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
രാവിലെ 7.30 ന് ആരംഭിക്കുന്ന ത്രിവേണി സംഗമം യാത്രയില്‍ പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദപ്പാറ, തിരുവള്ളുവര്‍ പ്രതിമ, ഗാന്ധി മണ്ഡപം, ദേവീക്ഷേത്ര ദര്‍ശനം, വട്ടക്കോട്ട എന്നീ സ്ഥലങ്ങളാണുള്ളത്. ഈ മൂന്ന് പാക്കേജുകളിലും ഭക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസില്‍ ലഭ്യമാകും.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ വാഹനം വാടകയ്ക്കും ലഭിക്കും. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച ടൂര്‍ പാക്കേജുകള്‍ ആരംഭിക്കാനും ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതിയിടുന്നുണ്ട്. ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് അംഗമായ ബി. സത്യന്‍ എം. എല്‍. എ, ഡി.റ്റി.പി.സി. സെക്രട്ടറി എസ്. ബിന്ദുമണി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post