കൊച്ചി: അയ്യപ്പഭക്തരുടെ സ്വകാര്യവാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാമെന്ന് ഹൈക്കോടതി. പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പോകാമെങ്കിലും തീര്‍ത്ഥാടകരെ ഇറക്കിയതിന് ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
അനധികൃത പാര്‍ക്കിംങ് നടത്തിയാല്‍ പോലീസിന് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ദര്‍ശനം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ തിരികെ വരുമ്പോള്‍ ഇതേ രീതിയില്‍ ആളുകളെ തിരികെ കയറ്റി വാഹനങ്ങള്‍ക്ക് തിരികെ പോകാം. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നതിന് എന്താണ് ബുദ്ധിമുണ്ടെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാമെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നു പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാതിരുന്നതെന്ന് കോടതി സൂചിപ്പിച്ചിരുന്നു. സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാനാവില്ലെന്ന പോലീസിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്ന വിലയിരുത്തലുകളോടു കൂടിയായിരുന്നു കോടതിയുടെ പരാമര്‍ശം.













