ശബരിമല: ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മൊബൈലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
സന്നിധാനത്ത് നിന്ന് മൊബൈല്‍ ആദ്യം പിടിച്ചാല്‍ താക്കീത് നല്‍കും. തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.
ഇത്തവണ കനത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷം ഇതുവരെ 7,71,2888 പേരാണ് ദര്‍ശനത്തിന് എത്തിയത്. ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനത്തിന് എത്തി. സന്നിധാനത്ത് തിരക്ക് കൂടിയതോടെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായി കൂടിയിട്ടുണ്ട്.













