തിരുവനന്തപുരം: മനംമയക്കുന്ന നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം. ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച കനകക്കുന്നിന് പൂക്കാലമാകും. സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിരത്തിലധികം പൂക്കള്‍ ചേരുന്ന അവിസ്മരണീയ കാഴ്ചയാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയതെന്ന് ടൂറിസം-സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുഷ്പമേളയോടൊപ്പം കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ സസ്യ പ്രദര്‍ശനം, ഉത്പന്ന വിപണന മേള, ഗോത്ര പാരമ്പര്യ പ്രകൃതി ചികിത്സാ ക്യാംപ്, ഗോത്ര ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവയുമുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ പത്തുമുതല്‍ വൈകിട്ട് എട്ടുവരെ പ്രവേശനമുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, മ്യൂസിയം, അഗ്രിക്കള്‍ച്ചറല്‍ കോളേജ്, ജവഹര്‍ലാല്‍ നെഹ്റു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്പേസ് സെന്റര്‍, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വനഗവേഷണ കേന്ദ്രം, കിര്‍ത്താഡ്സ്, നിയമസഭാ മന്ദിരം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബോട്ടണി- കേരള യൂണിവേഴ്സിറ്റി, പൂജപ്പുര ആയുര്‍വദ ഗവേഷണ കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും ഇതില്‍ പങ്കെടുക്കുന്നു.
പൂന്തോട്ട നഗരിയായ ബാംഗ്ലൂരില്‍ നിന്നും എത്തിച്ച 20,000 ത്തോളം ചെടികളാണ് പ്രധാന ആകര്‍ഷണം. പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കുന്ന സബര്‍മതി ആശ്രമത്തിന്റെയും ജഢായു പാര്‍ക്കിന്റെയും മാതൃകയിലുള്ള പുഷ്പാലംകൃത രൂപങ്ങളാണ് മറ്റൊരു ആകര്‍ഷണം. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന ഓര്‍ക്കിഡ് ചെടികളുടെ പ്രദര്‍ശനം, ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ കാഴ്ചകളും ഇവിടെ കാത്തിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പുഷ്പറാണി, പുഷ്പരാജ് മത്സരങ്ങളും ഉണ്ടാകും. മികച്ച റിപ്പോര്‍ട്ടിംഗിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനമുണ്ടാകും.
Discussion about this post