തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വിപണിക്ക് തുടക്കമായി. വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റാച്യുവിലെ ത്രിവേണി ടവറില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
ഉത്സവ സമയങ്ങളില്‍ പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് സഹകരണ വകുപ്പ് വിപണിയിടപെടല്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിലക്കുറവില്‍ ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ലഭ്യമാക്കാനായിട്ടുണ്ട്. സവാള വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വിജയിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാനും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ക്രിസ്മസ് വിപണിയുടെയും ത്രിവേണി സ്‌പെഷ്യല്‍ പ്ലം കേക്കിന്റെയും ആദ്യ വില്പന മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനത്തുടനീളം 200 ക്രിസ്മസ് സഹകരണ വിപണികളാണ് ആരംഭിക്കുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം നോണ്‍സബ്‌സിഡി സാധനങ്ങളും വിലക്കിഴിവില്‍ ലഭിക്കും. പൊതുവിപണിയില്‍ 13 ഇനങ്ങള്‍ക്ക് 1206 രൂപയാകുമ്പോള്‍ അതേ സാധനങ്ങള്‍ക്ക് ത്രിവേണിയില്‍ 661 രൂപയാണ്.
200 രൂപ വിലയുള്ള പ്ലം കേക്ക് 150 രൂപയ്ക്കും 110 രൂപ വിലയുള്ള പ്ലം കേക്ക് 75 രൂപയ്ക്കുമാണ് വില്പന നടത്തുന്നത്. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലേഖാ സുരേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു, കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുകേശന്‍, അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ്കുമാര്‍, റീജിയണല്‍ മാനേജര്‍ ടി. എസ്. സിന്ധു തുടങ്ങിയവര്‍ സംബന്ധിച്ചു.
സഹകരണ വിപണി സബ്‌സിഡി വിലനിലവാരം (പൊതുവിപണി വില ബ്രായ്ക്കറ്റില്‍)
ജയ അരി- 25 രൂപ (39), കുറുവ അരി-25 രൂപ (41), മട്ട അരി -24 രൂപ (46), പച്ചരി – 23 രൂപ (30), പഞ്ചസാര- 22 രൂപ (39), വെളിച്ചെണ്ണ- 92 രൂപ (205), ചെറുപയര്‍- 74 രൂപ (120), കടല – 43 രൂപ (73), ഉഴുന്ന് – 66 രൂപ (142), വന്‍ പയര്‍ – 45 രൂപ (93), തുവര പരിപ്പ് – 65 രൂപ (102), മുളക് – 75 രൂപ (186), മല്ലി – 82 രൂപ (90)













