തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ‘വൃത്തിയുള്ള ശുചിമുറി’ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നു. ആരോഗ്യസുരക്ഷിതത്വത്തിലും ശുചിത്വസംരക്ഷണ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനും ഉതകുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലേയും ശുചിമുറികള്‍ പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചു.
ജനുവരിയോടെ ഇതിനുള്ള നടപടികള്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ 30 കുട്ടികള്‍ക്ക് ഒരു ശുചിമുറി എന്ന രീതിയില്‍ നിര്‍മ്മിച്ച് വൃത്തിയുള്ള ശുചിമുറികള്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പ്രാപ്യമാക്കും. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ടോയ്ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കും. ഇതോടൊപ്പം വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പാക്കേജും സര്‍ക്കാര്‍ തയ്യാറാക്കി. 23 സ്കൂളുകള്‍ക്കായി 20 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.
Discussion about this post