ന്യൂഡല്‍ഹി: സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് ആലോചിക്കുന്നതെന്നു മോദി ട്വീറ്റ് ചെയ്തു. ഞായറാഴ്ച ഇതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ മോദി ആലോചിക്കുന്നതെന്നു വ്യക്തമല്ല. ട്വിറ്ററില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയ നേതാവാണ് നരേന്ദ്ര മോദി. ട്വിറ്ററില്‍ 53.3 ദശലക്ഷം, ഫേസ്ബുക്കില്‍ 44 ദശലക്ഷം, ഇന്‍സ്റ്റഗ്രാമില്‍ 35.2 ദശലക്ഷം, യൂട്യൂബില്‍ 4.5 ദശലക്ഷം എന്നിങ്ങനെയാണ് മോദിയെ പിന്തുടരുന്ന ആളുകളുടെ എണ്ണം.
Discussion about this post