തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കര്‍ശന നിയന്ത്രങ്ങളോടെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനം. രാമചന്ദ്രന്റെ വലത്തെ പിന്‍ കാലിലെ മുറിവും കൂടി പരിഗണിച്ചാണ് നടപടി.
ആളുകള്‍ക്കിടയില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധിയിലെ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ പറ്റൂ. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ് നടത്താന്‍ തീരുമാനം. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മാത്രമേ ആനയെ ഉത്സവത്തിനായി എഴുന്നള്ളിക്കാന്‍ കഴിയൂ. രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാന്‍ അനുമതിയുള്ളൂ. എന്നാല്‍ തൃശൂര്‍ പൂരത്തിന് തീരുമാനം ബാധകമല്ലെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
ആനയുടെ എഴുന്നള്ളിപ്പ് പൂര്‍ണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. നാല് പാപ്പാന്മാര്‍ കൂടെ ഉണ്ടായിരിക്കണം. ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പ് വരുത്തിയിരിക്കണം. ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച ഷെഡ്യൂള്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതര്‍ മുന്‍കൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നളളിപ്പിനിടയില്‍ ആന ഇടഞ്ഞാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. ആനയെ പൂരപ്പറമ്പിലേക്ക് കൊണ്ടുവരുമ്പോള്‍ സ്വീകരണ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കാന്‍ പാടില്ല.
ആനയുടെ സുരക്ഷ മുന്‍നിര്‍ത്തി എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡി എഫ് ഒ, വെറ്റിനറി ഡോക്ടര്‍ എന്നിവരേയും വിവരാമറിയിക്കണം. മേല്‍പറഞ്ഞ തീരുമാനങ്ങള്‍ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം കളക്ടര്‍ക്ക് മുന്‍പാകെ അഫിഡഫിറ്റ് നല്‍കണം.













