തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്കായി ആറ്റുകാല്‍ ട്രസ്റ്റും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ സജ്ജമാക്കി നിര്‍ത്തും. ഉച്ചക്ക് 2.10 ന് പുണ്യാഹം നടന്നാലുടന്‍ മടങ്ങിപ്പോകാനാകും വിധമാണ് ബസ് സര്‍വീസ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം കുത്തിയോട്ടത്തിന് മുന്‍പായി ആറ്റുകാല്‍ ക്ഷേത്രങ്ങളിലേയും പരിസരങ്ങളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കും. ഫുഡ്സേഫ്റ്റി അതോറിറ്റി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ അന്നദാനം നിര്‍വഹിക്കാന്‍ പാടുള്ളൂ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള വാട്ടര്‍ടാങ്കുകളില്‍ ജല അതോറിറ്റി കുടിവെള്ളം നിറയ്ക്കും. ദേശീയ പാതയോരങ്ങളില്‍ ടോയ്ലറ്റുകള്‍, വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുത്തിയോട്ട ബാലന്മാരുടെ ക്ഷേമങ്ങള്‍ക്കായി രണ്ട് ശിശുരോഗ വിദഗ്ദ്ധരെയും ചുമതലപ്പെടുത്തി. ഏകദേശം 780 ഓളം ബാലന്‍മാരാണ് ഇത്തവണ കുത്തിയോട്ടത്തിനുള്ളത്.
ആറ്റുകാല്‍ക്ഷേത്രത്തിലെ ബോര്‍ഡ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം വി.ആര്‍. വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post