ചെന്നൈ: ഇന്ത്യാക്കാരന്റെ ഹൃദയവിശാലത അതിര്ത്തി ലംഘിച്ച് പാകിസ്ഥാനിലേക്ക്. ആസന്ന നിലയില്‍ ചികിത്സ തേടിയ അമ്പത്തിനാലുകാരനായ പാകിസ്താന്‍ പൗരന് ശസ്ത്രക്രിയയിലൂടെ ഇന്ത്യക്കാരന്റെ ഹൃദയം മാറ്റിവെച്ചാണ് ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ശ്രദ്ധാകേന്ദ്രമായത്. ഗുരുതരമായ ഹൃദയവൈകല്യം ബാധിച്ച പാകിസ്താന്‍കാരനായ റിയാസ് മുഹമ്മദിനെ ജൂണ്‍ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വദേശത്തും വിദേശത്തുമായി ഇതിനകം തേടിയ ചികിത്സകളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അവസാന ശ്രമമെന്ന നിലയിലാണ് ദുബായ് കേന്ദ്രീകരിച്ചുള്ള വ്യവസായ ശൃംഖലയുടെ ഉടമയായ റിയാസ് മുഹമ്മദ് ചെന്നൈയിലെത്തിയത്.
2008ല്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായ റിയാസിനു മുന്നില്‍ ഇനി അവശേഷിക്കുന്നത് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണെന്നായിരുന്നു ഫ്രോണ്ടിയര്‍ ലൈഫ് ലൈനിലെ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഹൃദയ ദാനത്തിന്റെ അപൂര്‍വ സാധ്യതയില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുക എന്ന ഡോക്ടര്‍മാരുടെ ഉപദേശം റിയാസും ബന്ധുക്കളും സ്വീകരിച്ചു.
ഒടുവില്‍ ജൂലായ് പത്തിന് റിയാസിനെത്തേടി ആ സന്തോഷ വാര്‍ത്തയെത്തി. അപകടത്തില്‍ മരണമടഞ്ഞ 30കാരനായ മകന്റെ ഹൃദയം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച രക്ഷിതാക്കളാണ് റിയാസിന്റെ ജീവരക്ഷകരായത്. തമിഴ്‌നാട് നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങി (ടി.എന്‍.ഒ.സി.)ല്‍ നിന്ന് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചയുടനെ ഡോ. ചെറിയാന്റെ നിര്‍ദേശപ്രകാരം ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ അധികൃതര്‍ ചെന്നൈ സ്വദേശിയായ യുവാവിന്റെ ഹൃദയം മാറ്റിവെക്കുന്നതുമായി ബന്ധപ്പട്ട നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു.
പെരുമ്പാക്കം ഗ്ലോബല്‍ ഹോസ്പിറ്റലില്‍ നിന്ന് യുവാവിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി മുഗപ്പേറിലെ ഫ്രോണ്ടിയര്‍ ആസ്പത്രിയില്‍ സമയബന്ധിതമായി എത്തിച്ച് റിയാസില്‍ വെച്ചുപിടിപ്പിക്കുക എന്ന ദൗത്യം വെല്ലുവിളിയെന്നോണമാണ് ഏറ്റെടുത്തത്. ഗാതഗാതക്കുരുക്കിനു പേരുകേട്ട നഗരനിരത്തുകളിലൂടെ രണ്ട് ആസ്പത്രികള്‍ക്കിടയിലുള്ള 35 കിലോമീറ്റര്‍ ദൂരം അരമണിക്കൂറിനുള്ളില്‍ താണ്ടുക എന്ന അസാധ്യതയാണ് മറികടക്കേണ്ടിയിരുന്നത്.
ജൂലായ് 10ന് പുലര്‍ച്ചെ 1.47ന് ദാതാവില്‍ നിന്ന് വേര്‍പെടുത്തിയ ഹൃദയം 24 മിനിറ്റിനകം ഫ്രോണ്ടിയര്‍ ആസ്പത്രിയിലെത്തിച്ച് 2.11 നു മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. അഡീഷണല്‍ കമ്മീഷണര്‍ സഞ്ജയ് അറോറയുടെ മുന്‍കൈയില്‍ സിറ്റി പോലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോറാണ് ഇക്കാര്യത്തില്‍ ശരിക്കും തുണയായത് -ഡോ. ചെറിയാന്‍ വിശദീകരിച്ചു.
അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന റിയാസ് മുഹമ്മദിന്റെ ആരോഗ്യ നിലയില്‍ പ്രകടമായ മാറ്റമുണ്ടായതായി ഒപ്പമുള്ള ഇളയ മകള്‍ ഹസീന പറഞ്ഞു. ‘ബാപ്പയുടെ ജീവന്‍ തിരിച്ചു നല്‍കിയതിന് ഞങ്ങളെന്നും ഡോ. ചെറിയാന്റെ നേതൃത്വത്തിനുള്ള ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കും ഒപ്പം ഭാരതത്തിന്റെ ഹൃദയവിശാലതയോടും.’-ഹസീന ആശ്വാസത്തോടെ മനസ്സ് തുറന്നു.
Discussion about this post