ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച ഇന്ത്യക്കാര്‍ക്ക് രോഗമില്ല. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ജോധ്പൂരിലെ മിലിറ്ററി സ്റ്റഷനില്‍ സജ്ജീകരിച്ച പ്രത്യേക കേന്ദ്രത്തിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച ഇവരെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം ജോധ്പൂരിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ഇറാനില്‍ നിന്നെത്തിയ ആര്‍ക്കും രോഗം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ സ്രവസാമ്പിളുകള്‍ വിശദമായ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
ഇറാനില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചവരില്‍ ഭൂരിഭാഗം പേരും തീര്‍ത്ഥാടകരാണെന്ന് അധികൃതര്‍ അറിയിച്ചു. ജോധ്പൂരില്‍ സജ്ജീകരിച്ച ക്യാമ്പില്‍ ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.













