ഇസ്‌ലാമാബാദ്: ഇന്ത്യ- പാക്ക് സെക്രട്ടറി തല ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നു പാക്ക് വിദേശ കാര്യസെക്രട്ടറി സല്‍മാന്‍ ബഷീറും അഭിപ്രായപ്പെട്ടു. തീവ്രവാദത്തിന് എതിരായ ഇന്ത്യയുടെ ആശങ്ക പാക്കിസ്‌ഥാനെ അറിയിച്ചതായും തീവ്രവാദം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായതായും നിരുപമ റാവു വ്യക്‌തമാക്കി. സെക്രട്ടറി തല ചര്‍ച്ചകള്‍ക്കുശേഷം സംയുക്‌തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും തങ്ങളുടെ നിലപാടുകള്‍ വ്യക്‌തമാക്കിയത്. പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള യാത്ര മാത്രമല്ല, എതിര്‍രാജ്യത്തിന്റെ നിലപാട് മനസിലാക്കാനും ചര്‍ച്ചയിലൂടെ പരിശ്രമിച്ചതായി നിരുപമ റാവു പറഞ്ഞു. തീവ്രവാദത്തെ നേരിടാന്‍ ഇരുരാജ്യങ്ങളും സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചാവിഷയമായി.
അടുത്ത മാസം 15ന് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ കൂടുതല്‍ ഗുണപരമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന് പാക്ക് വിദേശ കാര്യസെക്രട്ടറി സല്‍മാന്‍ ബഷീര്‍ പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാക്കിസ്‌ഥാനുമായി നടന്നുവന്ന സമഗ്രചര്‍ച്ചകളില്‍ അഞ്ചാമത്തേത് 2008 നവംബറില്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന്, പാക്ക് മണ്ണില്‍നിന്ന് ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കു ചരടുവലിക്കുന്ന ഭീകരരെ തുരത്താതെ ചര്‍ച്ചയിലേക്കു മടങ്ങുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യ നിലപാടു സ്വീകരിച്ചു. ഈ പശ്‌ചാത്തലത്തിലാണ്, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്‌ണ, പാക്ക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായി അടുത്ത മാസം 15ന് ഇസ്‌ലാമബാദില്‍ ചര്‍ച്ച നടത്തുന്നത്. അതിന്റെ മുന്നോടിയാണു വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.
സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ 26ന് ഇസ്‌ലാമാബാദില്‍ സമ്മേളിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി പി. ചിദംബരം, പാക്ക് ആഭ്യന്തരമന്ത്രി റഹ്‌മാന്‍ മാലിക്കുമായി അന്നു പ്രത്യേകം ചര്‍ച്ച നടത്തും. മുംബൈ ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഭരണനേതൃത്വത്തില്‍ നിന്നുള്ള ഉന്നതന്‍ പാക്കിസ്‌ഥാനിലെത്തുന്നത്.
ഇന്ത്യയും പാക്കിസ്‌ഥാനും ചര്‍ച്ചകളിലേക്കു മടങ്ങണമെന്നു ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് കത്ത് അയച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്‌പര വിശ്വാസത്തിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായിരിക്കുന്നു. അതു പരിഹരിക്കാതെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ സാധ്യമല്ലെന്നു ഭൂട്ടാനിലെ തിംപുവില്‍ സാര്‍ക്ക് സമ്മേളനത്തോട് അനുബന്ധിച്ചു മന്‍മോഹന്‍ സിങ്ങും ഗീലാനിയും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ വിലയിരുത്തിയിരുന്നു.വിശാല ചര്‍ച്ചയിലേക്കു വഴിതെളിക്കുന്നതിനുള്ള നടപടികള്‍ക്കു താല്‍പര്യം വ്യക്‌തമാക്കിയുള്ള മന്‍മോഹന്‍ സിങ്ങിന്റെ കത്തു ഞായറാഴ്‌ച ലഭിച്ചതായി ഗീലാനിയും വെളിപ്പെടുത്തിയിരുന്നു.
Discussion about this post