തിരുവനന്തപുരം: കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗസാധ്യതാ നിരീക്ഷണ മാര്‍ഗരേഖ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ പുറത്തിറക്കി. വിദേശരാജ്യങ്ങളില്‍ മൃഗശാലയിലെ കടുവകളിലും വളര്‍ത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രോഗബാധിതരായ മനുഷ്യരില്‍ നിന്നാണ് മൃഗങ്ങള്‍ക്ക് രോഗബാധയുണ്ടായത്. മൃഗങ്ങളിലെ രോഗബാധ സംബന്ധിച്ച് ആശങ്കാജനകമായ യാതൊരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ല. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ നിരീക്ഷണത്തില്‍ വച്ച് അസാധാരണ രോഗലക്ഷണങ്ങളോ മരണനിരക്കോ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം.
വെറ്ററിനറി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലി സമയത്ത് മതിയായ വ്യക്തിസുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കണം. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ പ്രത്യേകം പാര്‍പ്പിക്കണം. നിരീക്ഷണത്തിലുള്ള ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് മാത്രം മൃഗങ്ങളുമായി ഇടപഴകുക. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വളര്‍ത്തുമൃഗങ്ങളോട് അമിതമായ അടുപ്പം പുലര്‍ത്തുന്നത് ഒഴിവാക്കുക. വളര്‍ത്തുമൃഗങ്ങളുടെ പാര്‍പ്പിടങ്ങള്‍ വൃത്തിയാക്കി അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കണം.
Discussion about this post