ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത (ഡിഎ) മരവിപ്പിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണു നടപടി. ഈ വര്‍ഷം ജൂലൈയിലും അടുത്ത വര്‍ഷം ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും മരവിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഡിഎ 17 ശതമാനത്തില്‍നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു അന്നത്തെ തീരുമാനം. മരവിപ്പിച്ച ഡിഎ വര്‍ധനയും പെന്‍ഷന്‍ ആനുകൂല്യവും 2021 ജൂലൈയില്‍ പുനഃസ്ഥാപിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. വര്‍ധിപ്പിച്ച ക്ഷാമബത്ത, കോവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് അടുത്ത വര്‍ഷം വരെ മരവിപ്പിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ക്ഷാമബത്തയും മറ്റും നിലവിലുള്ള നിരക്കില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുമെന്നും ധനമന്ത്രാലയ അഡീഷണല്‍ സെക്രട്ടറി ആനി ജോര്‍ജ് മാത്യു ഒപ്പുവച്ചിരിക്കുന്ന നിര്‍ദേശത്തില്‍ പറയുന്നു. അടുത്ത വര്‍ഷം ജൂലൈ വരെ കുടിശികയും നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍കൂടി കേന്ദ്രസര്‍ക്കാരിന്റെ നയം പിന്തുടര്‍ന്നാല്‍ കോവിഡ് പ്രതിരോധത്തിനായി 1.20 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. ക്ഷാമബത്ത വര്‍ധന മരവിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിനു മാത്രം 37,350 കോടി രൂപയാണ് ചെലവ് കുറയുക. സംസ്ഥാനങ്ങള്‍ ഈ നടപടി പിന്‍തുടര്‍ന്നാല്‍ 82,566 കോടി രൂപ ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. 49.6 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 61.17 ലക്ഷം പെന്‍ഷന്‍കാരെയും ബാധിക്കുന്നതാണു തീരുമാനം. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളത്തില്‍നിന്ന് മുപ്പതു ശതമാനം പിടിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിനും രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.













