തൃശൂർ: ലോക്ക് ഡൌൺ ഇളവുകൾ വരുത്തിയതോടെ വെള്ളിയാഴ്ച (ജൂൺ 5) ഗുരുവായൂർ ക്ഷേത്രത്തിൽ ഒമ്പത് വിവാഹങ്ങൾ നടന്നു. രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിലായിരുന്നു വിവാഹങ്ങൾ.
പാലക്കാട്, എറണാകുളം തുടങ്ങി വിവിധ ജില്ലകളിൽ നിന്നും വധൂവരന്മാർ കുടുംബത്തോടൊപ്പമെത്തി. കോവിഡ് ലോക്ക് ഡൌൺ മൂലം തീയതി മാറ്റി വെച്ച വിവാഹങ്ങളാണ് നടന്നതിലധികവും. മാർച്ച് 24ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തിൽ നിർത്തി വെച്ചിരുന്ന വിവാഹ ചടങ്ങുകളാണ് പുനരാരംഭിച്ചത്.
വധുവരന്മാർ ഉൾപ്പെടെ 10 പേരെ മാത്രമാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചത്. സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങളും കൃത്യമായ അകലവും പാലിച്ചാണ് വിവാഹങ്ങൾ നടന്നത്. പുറത്തുനിന്ന് വരുന്നവരെ പരിശോധിക്കാനായി ഗുരുവായൂർ ദേവസ്വം മെഡിക്കൽ ടീം സജ്ജമായിരുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് ഊഷ്മാവ് അളന്ന് ശേഷം സാനിറ്റൈസർ കൊണ്ട് അണുനശീകരണം നടത്തിയാണ് അകത്തേക്ക് കയറ്റിയത്.
Discussion about this post