പത്തനംതിട്ട: കോവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്തു സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ജില്ലയില്‍ നഴ്‌സിന് കോവിഡ് ബാധിച്ചതും മറ്റുജില്ലകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടായതും ഗൗരവതരമായി കാണേണ്ടതാണ്. പോലീസ് സ്റ്റേഷനുകളോ ഓഫീസുകളോ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുണ്ട്. ഒപ്പം, ജനങ്ങള്‍ ജാഗ്രതപുലര്‍ത്തുകയും സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയ്യാറാകുകയും വേണം. സാമൂഹ്യ അകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തില്‍ പോലീസ് പ്രവര്‍ത്തിക്കുമെന്നും, ബോധവത്കരണത്തിന് എല്ലാമാര്‍ഗങ്ങളും തേടുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സ്റ്റേഷന്‍ പരിധികളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍വന്നതോടെ ആളുകള്‍ കൂട്ടമായി നിബന്ധനകള്‍ ലംഘിച്ചു ബസ് സ്‌റ്റോപ്പ്, ചന്തകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുപോലെ സാമൂഹ്യ അകലം പാലിക്കാതെയും മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും ആളുകള്‍ തിരക്കുകൂട്ടുന്നതും ഒത്തുകൂടുന്നതും കര്‍ശനമായി തടയും. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരും.
വിദേശങ്ങളില്‍നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. ഇവര്‍ മുറികളില്‍ത്തന്നെ കഴിയണം. പുറത്തിറങ്ങി കറങ്ങിനടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ തുടരും. ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷണം ശക്തിപ്പെടുത്തിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
Discussion about this post