സ്വാമി സത്യാനന്ദ സരസ്വതി
രാമാവതാരം ത്രേതായുഗത്തിലെന്നു പറയുമ്പോള്‍ വാല്മീകി ആ രാമന് സമകാലികനായിരുന്നുവെന്നും രേഖകള്‍ കാണുന്നുണ്ടല്ലോ. ഇപ്രകാരമുള്ള ഒരു ദര്‍ശനത്തെ നിരാകരിക്കാതെ രാമായണസങ്കല്പത്തിലേക്കു കടക്കാം.
അനന്തമഹിമാവാര്‍ന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഉത്തമഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. വ്യാസമഹാമുനിയുടെ അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തെ ആശ്രയിച്ചും അതിശയിച്ചുമുള്ള മലയാളതര്‍ജ്ജമയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. പല ഭാഗങ്ങളിലും എഴുത്തച്ഛന്റെ സര്‍ഗ്ഗാത്മകപാടവം സ്വതന്ത്രമായി പ്രകാശിച്ചു കാണുന്നു. രാമായണം എന്ന വാക്കിനു വ്യാപകമായ അര്‍ത്ഥമാണുള്ളത്. അയനം എന്ന വാക്കിനു നാനാര്‍ത്ഥങ്ങളുണ്ട്. ‘അയ ഗതൗ’ എന്ന പ്രമാണമനുസരിച്ച് ഗതി, സഞ്ചാരം എന്നിങ്ങനെ അയനശബ്ദത്തിനര്‍ത്ഥം കാണുന്നു. പ്രവേശനദ്വാരം, വ്യാഖ്യാനം, പ്രാപ്യസ്ഥാനം എന്നി പ്രകാരം മറ്റര്‍ത്ഥങ്ങളും രാമായണത്തിന്റെ സ്വഭാവത്തോടു യോജിക്കുന്നവയാണ്. രാമന്‍ എന്ന കേന്ദ്രസങ്കല്പത്തെ ആസ്പദമാക്കി മനുഷ്യജീവിതത്തിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും കൂട്ടിയിണക്കുന്ന മഹത്തായ സേവനം രാമായണം കാഴ്ചവയ്ക്കുന്നു. പ്രപഞ്ചഘടനയും വ്യക്തിജീവിതവും തമ്മിലുള്ള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. അലയുന്ന ജീവിതത്തിന് നിയന്ത്രണവും നിര്‍ദ്ദേശവും നല്‍കി പ്രാപ്യസ്ഥാനം ഇന്നതാണെന്നു കാട്ടുവാന്‍ രാമായണത്തിനു കഴിഞ്ഞിട്ടുണ്ട്. അശരണര്‍ക്ക് അഭയം നല്‍കുവാനും ധര്‍മ്മിഷ്ഠന്‍മാര്‍ക്ക് കര്‍മ്മമാര്‍ഗം ഉപദേശിക്കുവാനും രാമായണം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജ്ഞാനം, യോഗം, ഭക്തി എന്നീ മാര്‍ഗ്ഗങ്ങളെ സമഞ്ജസമായി രാമായണത്തില്‍ സമ്മേളിപ്പിച്ചിരിക്കുന്നു. അദ്ധ്യാത്മജീവികള്‍ക്കു രാമന്റെ അയനം പ്രവേശനകവാടവും പ്രാപ്യസ്ഥാനവുമാണ്. രാമായണം അംഗീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ സ്വതന്ത്രവും സമ്പൂര്‍ണ്ണവുമാണ്. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിനെ നിഷ്പ്രഭമാക്കിയല്ല വളര്‍ത്തിയിട്ടുള്ളത്. വൈവിധ്യങ്ങളെ ഏകീകരിക്കുന്നതില്‍ രാമായണം മികച്ച സംഭാവന നല്‍കുന്നു. രാമന്റെ അയനം വേദസമ്മതമാണെങ്കിലും ‘ബോധഹീനന്മാര്‍ക്ക് അറിയാം വണ്ണ’മാണ് അവതരിപ്പിക്കുന്നത്. വേദം, വേദാംഗം, വേദാന്തം തുടങ്ങി വിവിധ തരത്തിലുള്ള ജ്ഞാനശാഖകള്‍ രാമായണമഹാവൃക്ഷത്തിന്റെ താരും തളിരുമാണ്. അദ്ധ്യാത്മരാമായണം ‘അദ്ധ്യാത്മപ്രദീപകവും അത്യന്തം രഹസ്യവു’ മാണെന്ന് ഗ്രന്ഥത്തില്‍ത്തന്നെ പ്രസ്താവമുണ്ട്. അനഭിജ്ഞന്മാര്‍ക്കും അശരണര്‍ക്കും രാമായണത്തിലെ ഭക്തിഭാവം സംസാരസാഗരതരണത്തിനു സഹായകമാണ്. നീചനും ധനഹാരിയുമായ കാട്ടാളനെ (രത്‌നാകരനെ) വന്ദ്യനും ജ്ഞാനിയുമായ മഹാമുനിയാക്കിയത് രാമായണമാണ്. ലോകനിന്ദിതനും ബ്രഹ്മഹന്താവിനും ധര്‍മ്മമാര്‍ഗ്ഗം ഉപദേശിക്കുവാന്‍ രാമായണം മഹാമനസ്‌കത കാട്ടുന്നു. സഹായിക്കുവാനും സഹകരിപ്പിക്കുവാനുമുള്ള രാമായണനിര്‍ദ്ദേശം ധര്‍മ്മമാര്‍ഗ്ഗത്തിലേക്കുള്ള ആഹ്വാനമാണ്. നിന്ദ്യനെപ്പോലും നിരാകരിക്കുവാനല്ല നിഷ്‌കളസേവനംകൊണ്ട് ഉദ്ധരിക്കുവാനാണ് രാമായണം ഉപദേശിക്കുന്നത്. ദാനവനെ വാനവനാക്കിയും അശരണനായ മാനവനെ മഹാമനീഷിയാക്കിയും രാമായണം കര്‍ത്തവ്യം നിര്‍വഹിക്കുന്നു. യാതനകളില്‍ ധര്‍മ്മബോധം നഷ്ടപ്പെടുന്ന മനുഷ്യത്വത്തോടു രാമായണസങ്കല്പം പൊരുത്തപ്പെടുന്നില്ല.
നാനാത്വത്തിലധിഷ്ഠിതമായ ഏകത്വമാണ് രാമായണത്തിലെ ദര്‍ശനം. അയോദ്ധ്യാരാമനും ആത്മാരാമനും രണ്ടല്ലെന്നു സിദ്ധാന്തിക്കുന്നതിലൂടെ പ്രകൃതിസ്വരൂപവും ആത്മസ്വരൂപവും ഒന്നാണെന്നു സമര്‍ത്ഥിക്കുന്നു. ഭക്തനും ഭക്തദാസനും ഒന്നാണെന്നു കാണുവാനുള്ള സമദര്‍ശിത്വം രാമായണത്തിനുണ്ട്. ചണ്ഡാലിക്കും ബ്രാഹ്മണനും ശൂദ്രനും മനീഷിക്കും രാമായണം സമഭാവന നല്‍കുന്നു. അധര്‍മ്മത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഭീരുവിനെ രാമായണം നിരാകരിക്കുന്നു. അജയ്യനായ ധര്‍മ്മസമരസേനാനിയെ അഭിഷിക്തനാക്കുന്നു.
Discussion about this post