70 ലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണത്തിന്
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും സംഘടിപ്പിച്ച പദ്ധതി വിജയകരമായ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് കൃഷി മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം – സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കൂടി ഭാഗമായി നടപ്പു വര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 70 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ ഈ മാസം കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം നടത്തുകയും ചെയ്യും.
ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മാസം 65 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും കൃഷിവകുപ്പ് വിതരണം നടത്തിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ 70 ലക്ഷം വിത്ത് പാക്കറ്റുകള്‍ കൂടി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രോ ബാഗ് വിതരണത്തിന് പ്രത്യേക പദ്ധതികളും തയ്യാറാക്കുന്നുണ്ട്.
ഓണത്തിന് മാത്രമല്ല, വര്‍ഷം മുഴുവന്‍ നമുക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടുവളപ്പില്‍ നിന്ന് തന്നെ വിളവെടുക്കാനാകണം എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടുവളപ്പിലെ കൃഷിക്കാവശ്യമായ വിത്തുകള്‍ കൃഷിഭവന്‍, മാധ്യമങ്ങള്‍, സന്നദ്ധ സേനകള്‍ എന്നിവര്‍ മുഖാന്തിരം ആയിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക. വിത്തു പായ്ക്കറ്റുകള്‍ കൂടാതെ 250 ലക്ഷം പച്ചക്കറി തൈകളും വിതരണത്തിനായി തയ്യാറാകുന്നതായി മന്ത്രി അറിയിച്ചു.













