അയോദ്ധ്യാകാണ്ഡത്തിലെ രാമന്‍
സ്വാമി സത്യാനന്ദ സരസ്വതി

”മുഗ്ധങ്ങളായുള്ള വാക്യങ്ങളെക്കൊണ്ടു
ചിത്തമോഹം വളര്‍ക്കേണ്ട രഘുപതേ”
ഒരു ലൗകികന് ചിത്തമോഹം സ്വാഭാവികമാണ്. മോഹം തെറ്റായ ചിന്തയാണ്. അസ്ഥിരമായതിനെ സ്ഥിരമെന്നു കരുതി സ്‌നേഹിക്കുകയും സ്ഥിരമായതിനെ വിസ്മരിക്കുകയും ചെയ്യുന്നതാണ് മോഹം. ഇത് സാധാരണ ജീവിതത്തിന്റെ ആവര്‍ത്തന പരിശ്രമമാണ്. സുഖദുഃഖങ്ങള്‍ക്കും ജനനമരണങ്ങള്‍ക്കും കാരണമിതാണ്. സാധാരണമനുഷ്യര്‍ ചന്ദനശീതളമായ വാക്കുകളെക്കൊണ്ട് ചിത്തമോഹം വളര്‍ത്തുന്നവരാണ്. എന്നാല്‍ സത്യവുമായി അതിന് ബന്ധമുണ്ടാകണമെന്നില്ല. സ്വാര്‍ത്ഥലാഭമാണ് ഇത്തരം വാക്യങ്ങളുടെ മുഖ്യമായ ഉദ്ദേശ്യം. ഇത് സാധാരണ ലോകത്തിന്റെ ചിത്രമാണ്.
രാമാവതാരസങ്കല്പം നിസ്വാര്‍ത്ഥവും, നിഷ്‌കാമവുമായ കര്‍മ്മനിര്‍വ്വഹണമാണ്. ധര്‍മ്മം പുനഃസ്ഥാപിക്കുവാനുള്ള ആ ലക്ഷ്യത്തില്‍ സാധാരണലോകത്തിന്റെ സ്വഭാവമില്ല. ഈ തത്ത്വം അറിയുന്നവനും അറിയിക്കുന്നവനും ആണ് നാരദനും രാഘവനും. മനുഷ്യലോകത്തിന്റെ മറപിടിച്ച് സത്യലോകത്തിന്റെ ദര്‍ശനം തടയരുതെന്നാണ് നാരദന്റെ അഭ്യര്‍ത്ഥന. സാധാരണമനുഷ്യന് അവന്റെ ജന്മോദ്ദേശ്യം മോക്ഷമെന്നോ ജ്ഞാനമെന്നോ സമ്മതിക്കാന്‍ പ്രയാസമുണ്ട്. ‘സംസാരിയാണ് ഞാന്‍’ എന്നുള്ള രാമന്റെ വാക്കുകള്‍ സാധാരണലോകത്തിന്റെ വാക്കുകള്‍ തന്നെ. മനുഷ്യലോകം സാംസാരികജീവിതത്തിന്റെ ബാഹുല്യത്തില്‍പ്പെട്ട് വിസ്മൃതിയില്‍ ആണ്ടുപോകുന്നു. തന്മൂലം മോഹത്തില്‍ ആണ്ടുപോവുകയും ജീവിതോദ്ദേശ്യം മറക്കുകയും ചെയ്യും. മോഹഭംഗം വരുത്തുകയും വിസ്മൃതിക്ക് വിരാമമിടുകയും ചെയ്യേണ്ടത് ബ്രഹ്മജ്ഞാനികളായ ഗുരുക്കന്മാരുടെ കര്‍ത്തവ്യമാണ്. രാമന്‍ സാധാരണക്കാരനായി നിന്നുകൊണ്ട് ദേവര്‍ഷിയായ നാരദനെക്കൊണ്ട് താന്‍ അവതാരമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതിന്റെ രഹസ്യമിതാണ്. സാധാരണത്വം അവകാശപ്പെടുന്ന മനുഷ്യന്‍ ഒരിടത്ത്, സാധാരണത്വത്തില്‍ ബ്രഹ്മത്വം ദര്‍ശിക്കുന്ന ഗുരുത്വം മറ്റൊരിടത്ത്. പ്രകൃതിയെ അവഗണിച്ചും അന്യമായി കണ്ടും ഉള്ള ബ്രഹ്മദര്‍ശനം സാധ്യമല്ല എന്ന തത്ത്വം ഭഗവാന്‍ തന്നെ ലോകത്തിന് വിശദമാക്കിക്കൊടുക്കുന്നു. തത്ത്വത്തെ അകറ്റിനിര്‍ത്തിയും വസ്തുക്കളെ അംഗീകരിച്ചുമുള്ള ഭൗതികവാദസിദ്ധാന്തത്തിന് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്ന ചര്‍ച്ചയാണ് നാരദ – രാഘവസംവാദം. രാമന്‍ പ്രപഞ്ചത്തിന്റെ സാധാരണപക്ഷം അംഗീകരിക്കുകയും നാദരന്‍ സാധാരണത്വത്തിലെ ബ്രഹ്മതത്ത്വം വിശദീകരിക്കുകയും ചെയ്യുമ്പോള്‍ ഇവ രണ്ടും സമ്മേളിക്കുവാനുള്ള അവതാരമാണ് മനുഷ്യന്‍ എന്ന രഹസ്യം രാമാവതാരത്തില്‍ ഒളിഞ്ഞുകിടക്കുന്നു. സാധാരണലോകത്തില്‍ ഈശ്വരദര്‍ശനം പ്രയാസമാണ്. ഭോഗചിന്തയും, ഭോഗവാസനയും മനസ്സിനെ ഗുണങ്ങളോട് ബന്ധപ്പെടുത്തി നിര്‍ത്തും. ഗുണങ്ങളും ഗുണവിഷയങ്ങളായിരിക്കുന്ന വസ്തുക്കളും നശ്വരങ്ങളാണ്. ആയതിനാല്‍ സദാപി ബാഹ്യചിന്തയില്‍ മുഴുകുന്നത് ശാശ്വതമായ സുഖത്തിനോ ശാന്തിക്കോ സഹായകമല്ല. അനിത്യമായ ലോകത്തില്‍ അന്തര്‍മുഖമായിരിക്കുന്ന ഈശ്വരദര്‍ശനം സാധിക്കുന്നത് എങ്ങിനെയെന്ന് രാമനെ സംസാരിയായി അംഗീകരിച്ചുകൊണ്ട് നാരദന്‍ വ്യക്തമാക്കുന്നു.
”ഈരേഴുലോകവും നിന്റെ ഗൃഹമപ്പോള്‍
ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും”
എന്ന ഗൃഹസ്ഥധര്‍മ്മവും ഈശ്വരത്വവും സമ്മേളിച്ചിരിക്കുകയാണിവിടെ. ഗൃഹണിയും ഗൃഹസ്ഥനും ജഗന്മാതാവും ജഗല്‍പിതാവുമാണ്. രാമനും സീതയും ഗൃഹസ്ഥനും ഗൃഹണിയുമാണ്.
ഈരേഴുലോകങ്ങളിലും ഉള്ള ചരാചരങ്ങളില്‍ ഗൃഹസ്ഥനും ഗൃഹണിയും എന്നുള്ള തത്ത്വമുണ്ട്. യോഷയെന്നും, വൃഷയെന്നും ഇതിന്റെ സൂക്ഷ്മാംശങ്ങളെ വേദത്തില്‍ വിവരിച്ചിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ചു ചേരുമ്പോഴാണ് ഉല്പത്തി നടക്കുന്നത്. പ്രപഞ്ചോല്പത്തിക്ക് കാരണമായ പിതാവും മാതാവുമാണ് ഈ ലോകമെമ്പാടും നിറഞ്ഞു നില്‍ക്കുന്നത്. രൂപത്തില്‍നിന്ന് തത്ത്വത്തിലെയ്ക്കുള്ള വളര്‍ച്ചയും തത്ത്വത്തില്‍നിന്ന് രൂപത്തിലേയ്ക്കുള്ള പരിവര്‍ത്തനവും ആണ് ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണജീവിതത്തിലൂടെ തത്ത്വദര്‍ശനം സാധിക്കുവാനുള്ള പ്രേരണയാണ് രാമന്‍ നാരദനിലൂടെ സാധിച്ചിരിക്കുന്നത്. ഗുരുക്കന്മാരുടെ കര്‍ത്തവ്യം ഇവിടെ അനുസ്മരിക്കപ്പെടുന്നു. വഴിതെറ്റുന്ന സാധാരണലോകത്തിന് വഴികാട്ടികളാകുവാനുള്ള ആഹ്വാനം രാമന്റെ വാക്കുകളിലുണ്ട്. ദേവര്‍ഷിയെ സാധാരണലോകത്തിന് സേവനം നല്‍കുവാന്‍ ഇറക്കിക്കൊണ്ടുവരുകയും സാധാരണലോകത്തെ ബ്രഹ്മപദത്തിലേക്ക് വളര്‍ത്തുകയും ചെയ്യുന്നതാണ് രാമന്റെ ദര്‍ശനം.
അര്‍ണ്ണോജസംഭവനാദിതൃണാന്തമാ-
യൊന്നൊഴിയാതെ ചരാചരജന്തുക്കള്‍
ഒക്കവേ നിന്നപത്യം, പുനരാകയാ-
ലൊക്കും പറഞ്ഞതു സംസാരിയെന്നതും.
എന്ന നാരദന്റെ വാക്കുകള്‍ വീണ്ടും സംസാരിയില്‍ ബ്രഹ്മത്വം ദര്‍ശിക്കുന്നതിന് ലോകത്തെ ഉണര്‍ത്തുകയും സഹായിക്കുകയും ചെയ്യുന്നു. സര്‍വ്വവും ഈ ഏകതത്വത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അന്യമായി ഒന്നിനെ കണ്ട് ആരാധിക്കുവാനും ആവശ്യപ്പെടുവാനും ഇല്ല. രാമനെപ്പോലെ നിസ്സംഗനായ സംസാരിയും നാരദനെപ്പോലെ തത്ത്വദര്‍ശിയായ ഋഷിയുമാണ് ഈ ലോകത്തിനാവശ്യം.
ലോകത്തെ അറിയിക്കേണ്ടത് അറിയിച്ചതിനുശേഷം, ധര്‍മ്മനിര്‍വ്വഹണത്തിന് ആവശ്യമായ അവതാരസങ്കല്പത്തിലേക്ക് നാരദന്‍ വീണ്ടും അടുത്തുവരുന്നു. രാമന്റെ അവതാരോദ്ദേശ്യം രാവണനിഗ്രഹമാണ്. മനുഷ്യജന്മം കൊണ്ട് വിസ്മൃതി സംഭവിക്കാമെന്നാണ് ദേവര്‍ഷിയായ നാരദന്റെ അഭിപ്രായം. വിസ്മൃതിയില്‍നിന്ന് സ്മൃതിയിലേക്ക് രാമനെ കൊണ്ടുവരേണ്ട ആവശ്യം നാരദനുണ്ട്. എങ്കിലേ ദേവകാര്യം സാധ്യമാവുകയുള്ളു. അതിന് മനുഷ്യത്വം ആവശ്യമാണ്. വിസ്മൃതിയിലാണ്ട മനുഷ്യന്‍ ഇതിന് പ്രയോജനപ്പെടുകയില്ല. സദാപി ലക്ഷ്യബോധമുള്ള മനുഷ്യനേ ദേവകാര്യം നിര്‍വ്വഹിക്കാനാകൂ. വിസ്മരിക്കുന്നവനെ ഓര്‍മ്മിപ്പിക്കേണ്ട ഗുരുധര്‍മ്മം നാരദന്‍ നിര്‍വ്വഹിക്കുന്നു. ഓര്‍മ്മിപ്പിച്ചാലും ഉണര്‍ന്നുവരാത്തവനെ ഉദ്ധരിക്കുവാന്‍ സാധ്യമല്ല. രാക്ഷസനെ നിഗ്രഹിച്ചെങ്കിലേ ബ്രഹ്മലോകവും മനുഷ്യലോകവും ദേവലോകവും കൂട്ടിയിണക്കുവാനാകൂ. മനുഷ്യനെ ദേവനായും ദേവനെ ബ്രഹ്മജ്ഞാനിയായും വളര്‍ത്തണം. ഈ ചുമതല ഗുരുക്കന്മാരാണ് ഏറ്റെടുക്കേണ്ടത്. നാരദന്‍ ഈ കര്‍ത്തവ്യം ഏറ്റെടുത്തിരിക്കുന്നു. ലോകത്തിന് വെളിച്ചം പകരുന്ന പ്രവൃത്തിയാണ് ഇവിടെ മനുഷ്യന്‍, ദേവന്‍,ദേവര്‍ഷി എന്നീ സങ്കല്പങ്ങളിലൂടെ സാധിച്ചിരിക്കുന്നത്. പരമാത്മാവായ രാമന്റെ അവതാരശക്തിയാണ് ഇതിനെല്ലാം അടിസ്ഥാനം. മനുഷ്യജന്മത്തിലൂടെയാണ് അവതാരോദ്ദേശ്യം സാധിച്ചതെന്ന പ്രാധാന്യം വിസ്മരിക്കരുത്. ബ്രഹ്മപദവിയെ അന്യമായിക്കണ്ടും ദേവനെ വിരോധിയായിക്കരുതിയും ഭൗതികനേട്ടം കൈവരിക്കാനുള്ള ആഹ്വാനം അര്‍ത്ഥശൂന്യമാണെന്ന് ഇതിലൂടെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാം.
മനുഷ്യത്വം, പിതൃത്വത്തിന്റെയും ദേവത്വം ബുദ്ധിയുടെയും ഋഷിത്വം മുക്തിയുടെയും (വേദനയില്‍ നിന്നുള്ള മുക്തി) തത്ത്വങ്ങളാണ്. ഇവ മൂന്നും ഒരുമിച്ചെങ്കില്‍ മാത്രമേ അവതാരം ഉണ്ടാവുകയുള്ളു. പിതൃത്വം ശരീരത്തിനും, ദേവത്വം സങ്കല്പത്തിനും, ഋഷിത്വം സര്‍വവേദനകളില്‍ നിന്നുള്ള മുക്തിക്കും കാരണമാണ്. ഈ മൂന്ന് സ്വഭാവങ്ങളും ഒരേ ജീവന്റെ തന്നെ മൂന്ന് അവസ്ഥകളാണ്. ദേവത്വവും പിതൃത്വവും സാധാരണ ബന്ധപ്പെട്ടിരിക്കും. പിതൃത്വം ആഗ്രഹങ്ങള്‍ക്കും ദേവത്വം തീരുമാനങ്ങള്‍ക്കും കാരണമാണ്. ഋഷിത്വം പലപ്പോഴും വിസ്മരിക്കപ്പെട്ടിരിക്കും. പ്രത്യേകമായ വേദനയുണ്ടാകുമ്പോള്‍ മാത്രമേ ജീവന്റെ ഋഷിത്വം ഓര്‍മ്മിക്കപ്പെടുന്നുള്ളു. വേദനയില്ലാതിരിക്കുന്ന അവസ്ഥയാണല്ലോ ഋഷിത്വം. ഒരു ഉദാഹരണം കൊണ്ടിത് വ്യക്തമാക്കാം. ആയിരക്കണക്കിന് മുട്ടകളിട്ട് അതിനുമുകളില്‍ ഇരിക്കുന്ന ഉറുമ്പുകളുണ്ട്. നാം അലക്ഷ്യമായി ഇട്ടിരുന്ന തടിയുടെ അടിയിലാണ് അവ മുട്ടകളുമായി ജീവിക്കുന്നതെന്നിരികട്ടെ. ഈ തടി എടുത്തുമാറ്റിയാല്‍ ഉറുമ്പുകള്‍ മുട്ടകളും പെറുക്കി ഓടുന്നതുകാണാം. മുട്ടയെടുക്കണമെന്നും ഓടണമെന്നുമുള്ള നിര്‍ദ്ദേശം ആരും നല്കിയതല്ല. തീരുമാനം എടുക്കാനുള്ള ജീവന്റെ സ്വതന്ത്രമായ ശക്തിയില്‍ നിന്നാണ് എടുക്കുക, ഓടുക എന്നീ കര്‍മ്മങ്ങള്‍ രൂപപെട്ടത്. സ്വതന്ത്രമായി തീരുമാനമെടുക്കുവാനുമുള്ള ജീവന്റെ ഈ സംസ്‌ക്കാരത്തെയാണ് ദേവത്വം എന്നു പറയുന്നത്. ഈ ദേവത്വം ഋഷിത്വത്തിനും പിതൃത്വത്തിനും മധ്യത്തിലാണ്. ഇവ രണ്ടിനോടും ദേവത്വം ബന്ധപ്പെട്ടിരിക്കും. മുട്ട എടുക്കണമെന്നും ഓടണമെന്നും ഉള്ള തോന്നല്‍ ദേവത്വം പിതൃത്വവുമായി ബന്ധപ്പെട്ടപ്പോഴുണ്ടായതാണ്. എന്നാലിനി ദേവത്വം ഋഷിത്വത്തോട് ബന്ധപ്പെടുന്നതെങ്ങിനെയെന്ന് നോക്കാം. മുട്ടയും കൊണ്ട് ഓടുന്ന ഉറുമ്പിനടുത്തേയ്ക്ക് നാം തീക്കനല്‍ കൊണ്ടു ചെല്ലുകയോ വെള്ളം ഒഴിക്കുകയോ ചെയ്താല്‍ മുട്ടകള്‍ ഉപേക്ഷിച്ച് ഉറുമ്പുകള്‍ ഓടുന്നതുകാണാം. മുട്ട സ്വന്തമാണെങ്കില്‍ അതിനെക്കാള്‍ വിലപ്പെട്ടതാണ് ജീവന്‍. ആ ജീവനുണ്ടാകുന്ന അപകടവും വേദനയും മുട്ടയേക്കാള്‍ പ്രാധാന്യമുള്ളവയാണ്. മുട്ടയെ ഉപേക്ഷിച്ചും വേദന ഒഴിവാക്കിയേ തീരു. വേദന ഒഴിവാക്കുവാനുള്ള ജീവന്റെ സംസ്‌ക്കാരത്തെയാണ് ഋഷിത്വം എന്നുപറയുന്നത്. മുട്ട ഉപേക്ഷിച്ചിട്ട് ഓടുമ്പോള്‍ ദേവത്വം ഋഷിത്വത്തിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തിലുള്ള സര്‍വ്വസംഭരണങ്ങളും ഇങ്ങനെ ജീവന്റെ പ്രാധാന്യത്തിനു താഴെയാണ്. വേദന ഒഴിവാക്കുവാനുള്ള ഈ ജീവന്റെ സംസ്‌ക്കാരമായ ഋഷിത്വം പൂര്‍ത്തിയാക്കുന്നവനാണ്, ഋഷി. ദേവത്വവും പിതൃത്വവും ഋഷിത്വത്തിനുവേണ്ടി ഉപേക്ഷിക്കേണ്ടിവരും. എങ്കിലും ഇവ മൂന്നും ആവശ്യാനുസരണം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മുട്ടയെ സംരക്ഷിക്കുവാനുള്ള സങ്കല്പവും മുട്ട ഉപേക്ഷിച്ചു പോകുവാനുള്ള സങ്കല്പവും ദേവത്വം തന്നെയാണ്. ഉപേക്ഷിക്കുക എന്നത് ഋഷിത്വത്തോടും സംരക്ഷിക്കുക എന്നതു ദേവത്വത്തോടും ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും പിതൃത്വത്തിനും ഋഷിത്വത്തിനും മദ്ധ്യേ നിന്നുകൊണ്ടാണ് ദേവത്വകര്‍മ്മം നിര്‍വ്വഹിക്കുന്നത്. ജീവന്റെ ഈ മൂന്ന് അവസ്ഥകളിലുമുള്ള സംസ്‌ക്കാരത്തെയാണ് മനുഷ്യന്‍, ദേവന്‍, ദേവര്‍ഷി എന്നീ സങ്കല്പങ്ങള്‍കൊണ്ട് സാധിച്ചിരിക്കുന്നത്.
(തുടരും)
Discussion about this post