തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ട് അനധികൃത ലോട്ടറികള്‍ക്കു നികുതി പിരിച്ചതു വഴി സംസ്‌ഥാന സര്‍ക്കാര്‍ അവയ്‌ക്കു നിയമ സാധുത നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനു ശേഷം പ്രഖ്യാപിച്ചു. നികുതി മുന്‍കൂര്‍ പിരിച്ചതു ലോട്ടറി നിയമത്തിന്റെ ലംഘനമാണെന്നും, ഇതിനു പിന്നില്‍ അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതായി, സര്‍ക്കാരിന്റെ ഭാഗത്തു വീഴ്‌ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.രണ്ടു ദിവസമായി നിയമസഭയില്‍ വിവാദ ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട ആരോപണ- പ്രത്യാരോപണങ്ങള്‍ കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
നികുതി പിരിച്ച നടപടി കേന്ദ്ര നിയമത്തിലെ അപാകത മൂലമാണോ, സംസ്‌ഥാന സര്‍ക്കാരിന്റെ അപാകതയാണോ എന്ന് വിശദമായി സര്‍ക്കാര്‍ പരിശോധിക്കുമെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കി. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ കേന്ദ്രീകരിച്ച് ലോട്ടറി വില്‍പനയില്‍ കള്ളത്തരം കാണിച്ച് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യുന്നുണ്ട്.സര്‍ക്കാര്‍ നിലപാട് ധനമന്ത്രി വ്യക്‌തമാക്കിയതാണ്. ഇതു തടയാന്‍ കേന്ദ്ര സര്‍ക്കാരാണു ഫലപ്രദമായ നിയമം കൊണ്ടുവരേണ്ടത്. സംസ്‌ഥാന നിയമം പര്യാപ്‌തമല്ല. കേന്ദ്ര നിയമവും പര്യാപ്‌തമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അന്യസംസ്‌ഥാന ലോട്ടറികളില്‍ നിന്ന് സിപിഎമ്മിനു വര്‍ഷം 150 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നു വിവരിച്ച് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സ്‌പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണത്തിന്റെ അലയൊലികള്‍ രണ്ടാം ദിവസവും സഭയില്‍ ചൂടു പടര്‍ത്തി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധ്യമല്ലെന്നു കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞ തോമസ് ഐസക് , പുറത്തു പത്രസമ്മേളനം നടത്തി ഉദ്യോഗസ്‌ഥ തലത്തില്‍ നടന്ന അഴിമതി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചത് എന്തടിസ്‌ഥാനത്തിലാണെന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയം വീണ്ടും എടുത്തിട്ടത്. ഉദ്യോഗസ്‌ഥരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അങ്ങയെപ്പോലൊരാള്‍ തറപ്രവര്‍ത്തനത്തിനു പോകുന്നതു ശരിയല്ലെന്നു മറുപടിക്കിടെ തോമസ് ഐസക് പറഞ്ഞതോടെ �തറ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. അടിസ്‌ഥാനരഹിതമായ അഴിമതിയാരോപണം ഉന്നയിക്കുന്നതു തറ പ്രവര്‍ത്തനമാണെന്നും, തറയെന്നാല്‍ നിലവാരമില്ലാത്തതാണെന്നും, പ്രയോഗം പിന്‍വലിക്കാന്‍ മനസ്സില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഓരോരുത്തര്‍ ഉപയോഗിക്കുന്ന ഭാഷ അവരവര്‍ക്കു ചേരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു.
നിലവാരമില്ലാത്തത് ആര്‍ക്കാണെന്നും, സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനിക്കു രണ്ടു കോടി രൂപ വാങ്ങിയതും തിരിച്ചുകൊടുത്തതും എങ്ങനെയെന്നും പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ തറ പ്രയോഗം രേഖയില്‍ ഉണ്ടാവില്ലെന്നു സ്‌പീക്കര്‍ റൂളിങ് നല്‍കി. സ്‌പീക്കര്‍ റൂളിങ് നല്‍കി നീക്കിയ തറ പ്രയോഗം കെ.ടി. ജലീല്‍ ചര്‍ച്ചയ്‌ക്കിടെ വീണ്ടും ഉന്നയിച്ചു. ഇതും രേഖയില്‍ ഉണ്ടാവില്ലെന്നു സ്‌പീക്കര്‍ വ്യക്‌തമാക്കി.
Discussion about this post