കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസ് കേസില്‍ മാപ്പു സാക്ഷിയാകാമെന്നു കോടതിയെ അറിയിച്ചു. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് ഷമ്മി ഫിറോസ് ഇക്കാര്യം അറിയിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്ന ഫിറോസിന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഇയാളെ കോഴിക്കോട് സബ്‌ജയിലിലേക്കു റിമാന്‍ഡു ചെയ്‌തു.
മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ പ്രത്യേക കോടതി ജഡ്‌ജി എസ്. വിജയകുമാര്‍ മുന്‍പാകെ എഴുതി സമര്‍പ്പിച്ച അപേക്ഷ നേരത്തെ ഷമ്മി ഫിറോസ് നല്‍കിയിരുന്നു. ഇരട്ട സ്‌ഫോടനത്തിനു മുന്‍പു കലക്‌ടറേറ്റിലും പത്ര സ്‌ഥാപനങ്ങളിലും വിളിച്ചു മുന്നറിയിപ്പു നല്‍കിയത് ഷമ്മി ഫിറോസാണ്.
ബികോം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്നതിനിടയിലാണ് തടിയന്റവിട നസീറുമായി അടുത്തതെന്ന് ഇയാള്‍ എന്‍ഐഎ ഉദ്യോഗസ്‌ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസമുള്ളവര്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാല്‍ വന്‍ തുക പ്രതിഫലം നല്‍കുമെന്നു നസീര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ചെറിയ രീതിയിലുള്ള പ്രക്ഷോഭമാണു ലക്ഷ്യമിടുന്നതെന്നു പറഞ്ഞതു വിശ്വസിച്ചാണു നസീറുമായി സഹകരിച്ചതെന്നും ഷമ്മി മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിലും മൊഫ്യൂസില്‍ സ്‌റ്റാന്‍ഡിലും 2006 മാര്‍ച്ച് മൂന്നിനാണു സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
Discussion about this post