ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ തലസ്ഥാന അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായുള്ള ചര്‍ച്ച കേന്ദ്രം ബുധനാഴ്ചത്തേക്കു മാറ്റി.
സമരം 34-ാം ദിവസം പിന്നിടുന്ന ഇന്നു ചര്‍ച്ച നടത്താമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഒരു മാസം പിന്നിട്ട കര്‍ഷകസമരം ഏതു വിധേനയും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ആറാംഘട്ട ചര്‍ച്ചയ്ക്കായി കര്‍ഷകരെ സമീപിച്ചിരിക്കുന്നത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ചയ്‌ക്കെത്തണമെന്നു കാണിച്ചാണ് കാര്‍ഷിക വകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ ഇന്നലെ കര്‍ഷകര്‍ക്കു കത്തു നല്‍കിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമോ എന്നു വ്യക്തമാക്കാതെയും അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയുമാണ് ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് ഇപ്പോഴും പ്രശ്‌നപരിഹാരം വേണമെന്നു താത്പര്യമില്ലെന്നും കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അതിനിടെ, ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്കും ഇന്നലെ സമരം വ്യാപിപ്പിച്ചു. പുതിയൊരു സമരവേദിയും ഇരിക്കാനുള്ള സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധിക്കാനെത്തുന്ന കര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതു കണക്കിലെടുത്താണ് സമരവേദിയും പന്തലും വ്യാപിപ്പിച്ചതെന്നാണ് കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞത്. പഞ്ചാബില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ റിലയന്‍സ് ജിയോ മൊബൈല്‍ സേവനത്തിലുള്ള ആയിരക്കണക്കിനു ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഇന്നലെ വൈകുന്നേരം 24 മണിക്കൂറിനുള്ളില്‍ മാത്രം 156 മൊബൈല്‍ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ് പ്രതിഷേധക്കാര്‍ വേര്‍പെടുത്തിയത്. ഇതിനിടെ, എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 30നകം കര്‍ഷക വിഷയം ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ ഇരു പാര്‍ട്ടികളും കൂടുതല്‍ സമര പരിപാടികളെക്കുറിച്ച് ആലോചിച്ചു മുന്നോട്ടു നീങ്ങുമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും അറിയിച്ചു.
കര്‍ഷകരെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു കിസാന്‍ റെയില്‍ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.













