തിരുവനന്തപുരം: സിഎജിക്കെതിരേ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം നിയമസഭ പാസാക്കി. കിഫ്ബിക്കെതിരേ പരാമര്‍ശമുള്ള മൂന്ന് പേജ് തള്ളിയാകും റിപ്പോര്‍ട്ട് പിഎസിക്ക് മുന്നില്‍ വരിക. ബിജെപി അംഗം ഒ.രാജഗോപാല്‍ ഉള്‍പ്പടെ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്രമേയം സഭ പാസാക്കിയത്.
സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവിക നീതി നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന കുറ്റപ്പെടുത്തല്‍. റിപ്പോര്‍ട്ടിലെ കിഫ്ബിയെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി വിദേശത്തുനിന്നും കടമെടുത്തത് ഭരണഘടനാ ലംഘനമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന വിമര്‍ശനം.
സര്‍ക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങള്‍ കേള്‍ക്കാതെയുമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പയാണെന്നും സര്‍ക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയുമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
സിഎജി റിപ്പോര്‍ട്ട് തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്നും, ബന്ധപ്പെട്ട വകുപ്പിനു നീതി നിഷേധിച്ചെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിഎജി ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ വാദം കേള്‍ക്കണമായിരുന്നു. ഇതു ലംഘിക്കപ്പെട്ടതോടെ സിഎജി റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളകി. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു എന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് എന്ത് അധികാരമെന്ന് പ്രമേയത്തെ എതിര്‍ത്ത് വി.ഡി. സതീശന്‍ എംഎല്‍എ ചോദിച്ചു. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഇത് തെറ്റായ കീഴ്വഴക്കമാണെന്നും സതീശന്‍ പറഞ്ഞു. ഇതിനു കൂട്ട് നിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്.
സിഎജിയുടെ ഭാഗം കേട്ട ശേഷമേ ഭാഗങ്ങള്‍ ഒഴിവാക്കാവു. കേന്ദ്രം പോലും ചെയ്യാത്ത നടപടിയാണ് ഇത്. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനാധിത്യത്തെ തകര്‍ക്കുന്നുവെന്നും സതീശന്‍ വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കുന്ന നടപടിയാണ് പ്രമേയം. സഭയുടെ പാരന്പര്യം കാത്ത് സൂക്ഷിക്കണെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സിഎജിയെ തിരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നായിരുന്നു ജയിംസ് മാത്യൂ എംഎല്‍എയുടെ വാദം. കിഫ്ബി വായ്പ ബജറ്റിന് പുറത്ത് ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സമാന്തര സാന്പത്തിക സംവിധാനമെന്ന് ഒ. രാജഗോപാല്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രമേയം ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണ്. സിഎജിയെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്.
Discussion about this post