ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാല്‍ ലക്ഷവും കടന്നു. ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 1,341 പേര്‍ മരിച്ചതോടെ കോവിഡ് മൂലമുള്ള ഇന്ത്യയിലെ ആകെ മരണം 1.75 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഇന്നലെ 16,79,740 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ മൊത്തം എണ്ണം 1,45,26,609 ആയി.
ഇതുവരെ 1,26,71,220 പേര്‍ രാജ്യത്ത് കോവിഡ് മുക്തരായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച 1.45 കോടി പേരില്‍ 1,75,649 പേര്‍ മരിച്ചു. ഇന്നലെ വരെ 11,99,37,641 പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ മരിച്ച 1,341 പേരില്‍ പകുതിയിലേറെ മഹാരാഷ്ട്ര, ഡല്‍ഹി, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര- 398, ഡല്‍ഹി- 141, ഛത്തീസ്ഗഡ്- 138, യുപി-103, ഗുജറാത്ത്- 94, കര്‍ണാടക- 78, മധ്യപ്രദേശ്- 60, ജാര്‍ഖണ്ഡ്-56, പഞ്ചാബ്-50, തമിഴ്‌നാട്-33 എന്നിങ്ങനെയാണു മരണം.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്രയിലാണ് അതീവരൂക്ഷമായത്. ഛത്തീസ്ഗഡ്, യുപി സംസ്ഥാനങ്ങളിലും കേസുകള്‍ കുത്തനെ കൂടി. മൊത്തം കേസുകളുടെ 85.83 ശതമാനവും ഈ സംസ്ഥാനങ്ങളും കേരളവും അടക്കം 10 സംസ്ഥാനങ്ങളിലാണ്.
Discussion about this post