ബീജിംഗ്: ആപ്പിളിന്റെ ഐഫോണും ഐപാഡും നിര്‍മിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ആപ്പിളിന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന തയ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജിയാണ് അടുത്ത മൂന്നുവര്‍ഷത്തിനകം പത്തുലക്ഷം റോബോട്ടുകള്‍ ജോലി ചെയ്യും. ചൈനീസ് ടെക് കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ ഓട്ടോമേഷനിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഫോക്‌സ്‌കോണിന്റെ ഈ നീക്കം. തൊഴില്‍പ്രശ്‌നങ്ങളും തൊഴിലാളിസമരങ്ങളും ഉത്പാദനത്തെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍. ചൈനയില്‍ ഫോക്‌സ്‌കോണ്‍ ഫാക്ടറികളില്‍ തൊഴിലാളികളുടെ ആത്മഹത്യയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൊഴില്‍ പ്രശ്‌നങ്ങളും ചൈനയില്‍ ഏറി വരികയാണ്. ഈ സഹചര്യത്തിലാണ് റോബോട്ടുകളുടെ സേവനം തേടാന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചത്.
അടുത്തവര്‍ഷം മുതല്‍ പ്രതിവര്‍ഷം മൂന്നുലക്ഷം റോബോട്ടുകളെ വീതം പ്രവര്‍ത്തനക്ഷമമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ ടെറി ഗോയു പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മൂന്നുവര്‍ഷംകൊണ്ട് പത്തുലക്ഷം റോബോട്ടുകള്‍.
ആപ്പിളിനെ കൂടാതെ മു്ന്‍നിരകമ്പനിക്കാരായ ഡെല്‍, ഹ്യുലെറ്റ്പക്കാര്‍ഡ് (എച്ച്.പി), നോക്കിയ തുടങ്ങി ഒട്ടേറെ ടെക് കമ്പനികള്‍ക്ക് കരാറടിസ്ഥാനത്തില്‍ ഉത്പാദനം നടത്തിക്കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ പോലുള്ള പല കമ്പനികളും ചൈനയുടെ ഇതര ഭാഗങ്ങളിലേക്ക് തങ്ങളുടെ ഉത്പാദനകേന്ദ്രങ്ങള്‍ മാറ്റുകയാണ്. ഈ സാഹചര്യത്തില്‍, തൊഴില്‍പ്രശ്‌നങ്ങളും തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ടി വരുന്നതും ബാധ്യതയായി മാറുന്നുവെന്നാണ് കമ്പനികളുടെ വാദം. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം റോബോട്ടുകളുടെ സഹായത്തോടെ കൂടുതല്‍ ഓട്ടോമേഷനിലേക്ക് നീങ്ങുക എന്നതാണ്. 12 ലക്ഷം തൊഴിലാളികളുള്ള കമ്പനിയാണ് ഫോക്‌സ്‌കോണ്‍. അതില്‍ പത്തുലക്ഷം പേരും പ്രവര്‍ത്തിക്കുന്നത് ചൈനാ വന്‍കരയിലാണ്.
Discussion about this post