ന്യൂഡല്‍ഹി: രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 5 ജി സാങ്കേതികവിദ്യയ്ക്കും സ്‌പെക്ട്രം ട്രയലിനുമാണു ടെലികോം സേവന ദാതാക്കള്‍ക്ക് (ടിഎസ്പി) കേന്ദ്ര ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കിയത്. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, വൊഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍ എന്നിവ ഗ്രാമീണ, അര്‍ദ്ധ നഗര, നഗര പ്രദേശങ്ങളില്‍ 5ജി ട്രയല്‍ നടത്തും.
ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണു ട്രയലിന് അനുമതി നല്‍കിയിരിക്കുന്നത്. ടെലികോം ഉപകരണ നിര്‍മാതാക്കളുടെ പട്ടികയില്‍ എറിക്‌സണ്‍, നോക്കിയ, സാംസങ്, സി-ഡോട്ട്, റിലയന്‍സ് ജിയോ എന്നിവയുടെ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി. തുടക്കത്തില്‍, ഭാരതി എയര്‍ടെല്ലും വൊഡഫോണ്‍ ഐഡിയയും ചൈനയിലെ ഹുവേയ്‌യുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
പിന്നീട്, അവര്‍ ചൈനീസ് കമ്പനികളുടെ സാങ്കേതികവിദ്യകളില്ലാതെ പരീക്ഷണം നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് അംഗീകാരം കിട്ടിയതെന്നാണു സൂചന. ‘എറിക്‌സണ്‍, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവ ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്’- ടെലികോം വകുപ്പ് അറിയിച്ചു.
രാജ്യത്തെ 5 ജി സേവനങ്ങളില്‍നിന്ന് ചൈനീസ് കമ്പനികളെ സര്‍ക്കാര്‍ വിലക്കുമെന്നാണ് ഈ നീക്കം നല്‍കുന്ന സൂചന. ട്രയലുകള്‍ നടത്തുന്നതിന് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ നിലവിലുള്ള സ്‌പെക്ട്രം (800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ്, 2500 മെഗാഹെര്‍ട്‌സ്) ഉപയോഗിക്കാന്‍ അനുവാദമുണ്ട്. ട്രയലുകളുടെ കാലാവധി നിലവില്‍ 6 മാസമാണ്. ഉപകരണങ്ങള്‍ സ്വന്തമാക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസത്തെ സമയപരിധിയും ഇതിലുള്‍പ്പെടുന്നു.
Discussion about this post