ഗാസാ സിറ്റി: ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുന്നു. ഗാസയില്‍നിന്ന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ദക്ഷിണ ഇസ്രയേലിലെ പാക്കേജിംഗ് പ്ലാന്റ് ജീവനക്കാരായ രണ്ട് തായ്ലന്‍ഡ് പൗരന്മാര്‍ മരിച്ചു. ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ തന്പടിച്ചിരുന്ന ആറു നിലക്കെട്ടിടം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തു.
സംഘര്‍ഷം രണ്ടാഴ്ച പിന്നിട്ടതോടെ മേഖലയില്‍ യുദ്ധസമാന അന്തരീക്ഷമാണു നിലനില്‍ക്കുന്നത്. ഇതിനിടെ, പലസ്തീനികളുടെ നേതൃത്വത്തില്‍ ഇസ്രയേലില്‍ സമരം നടത്തി.
ഇസ്രേലി വ്യോമാക്രമണത്തില്‍ ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കെട്ടിടമാണു തകര്‍ന്നത്. ഈ കെട്ടിടത്തില്‍ ഹമാസ് ഭീകരര്‍ തന്പടിച്ചിരുന്നതായി ഇസ്രേലി പട്ടാളം പറഞ്ഞു. ലൈബ്രറിയും വിദ്യാലയവുമാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡെസ്‌കുകളും ഓഫീസ് കസേരകളും ബുക്കും കംപ്യൂട്ടറും അവശിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്നുണ്ട്.
ഇസ്രയേലിലും ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീനികള്‍ ഇസ്രയേല്‍ നടപടിക്കെതിരേ ഇന്നലെ സമരം നടത്തുകയുണ്ടായി. ഇസ്രയേലിനുള്ളിലെ പലസ്തീനികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഇസ്രയേല്‍ ജനസംഖ്യയില്‍ 20 ശതമാനത്തോളം പലസ്തീനികളാണ്. വെസ്റ്റ് ബാങ്കില്‍ സമരത്തെ അനുകൂലിച്ച് കടകളും സ്‌കൂളുകളും അടഞ്ഞുകിടന്നു. യഹൂദരും പലസ്തീനികളും തമ്മില്‍ സംഘട്ടനമുണ്ടായി.
Discussion about this post