തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരെ രക്ഷിയ്‌ക്കാനുള്ള കപടനാടകമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ സ്‌തംഭിപ്പിച്ചു. തുടര്‍ന്ന് ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി സഭ അനിശ്ചിത കാലത്തേയ്‌ക്ക് പിരിഞ്ഞു.
കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കളക്‌ടറുടെ റിപ്പോര്‍ട്ട് പരിഗണിയ്‌ക്കാതെയാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷിയ്‌ക്കാനുള്ള കപടനാടകമാണ്. കളക്‌ടറുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ നാല് പേരുടെ പേരുകള്‍ എടുത്തുപറയുന്നുണ് ട്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്‌ക്കുന്ന കാറ്റാടി യന്ത്ര കമ്പനിയായ സാര്‍ജന്‍ റിയാലിറ്റീസിനെ രക്ഷിയ്‌ക്കുന്നതിനാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.
എന്നാല്‍ കളക്‌ടറുടെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് റവന്യൂമന്ത്രി കെ. പി. രാജേന്ദ്രന്‍ മറുപടി പറഞ്ഞു. ഒരു മാസത്തിനകം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിയ്‌ക്കാനുള്ള നപടികള്‍ ആരംഭിയ്‌ക്കും. 1986 ന് മുന്‍പ് നടന്ന തീറാധാരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭൂമി കൈമാറ്റങ്ങളെന്ന് തുടര്‍ന്ന് സംസാരിച്ച പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. എന്നാല്‍ ആദിവാസികള്‍ നേരിട്ട് കൈമാറ്റം നടത്തിയതായി കണ് ടെത്താനായിട്ടില്ല. ആറ് ആധാരങ്ങളുടെ വ്യാജ രസീത് ഉപയോഗിച്ചുള്ള കൈമാറ്റങ്ങള്‍ നടന്നിട്ടുണ് ട്. വിശദമായ അന്വേഷണത്തിലൂടെയേ കൈമാറ്റത്തിന്റെ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിയ്‌ക്കാനാണ് സര്‍ക്കാര്‍ അട്ടപ്പാടിയിലെ ഭൂമി കൈമാറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം വൈകിപ്പിയ്‌ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ് ടി ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പിന്നീട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം തുടരുകയായിരുന്നു. ഇതോടെ ഉപധനാഭ്യര്‍ത്ഥനകളുടെ ധനവിനിയോഗബില്ലും ഉള്‍നാടന്‍ മത്സ്യ ബന്ധന ബില്ലും എളുപ്പത്തില്‍ പാസ്സാക്കി സഭ അനിശ്ചിതകാലത്തേയ്‌ക്ക് പിരിയുകയാണെന്ന് സ്‌പീക്കര്‍ പ്രഖ്യാപിച്ചു.
ജൂണ്‍ 28 ന് തുടങ്ങിയ, പന്ത്രണ്‌ടാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനമാണ് ഇന്ന് അവസാനിച്ചത്. സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പുറമെ മൂന്നാറുമായി ബന്ധപ്പെട്ട ഏതാനും ബില്ലുകളും നടപ്പു സമ്മേളനത്തില്‍ പാസാക്കി.
Discussion about this post